മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് തദ്ദേശ ബജറ്റില്‍ പ്രഥമ പരിഗണന നല്‍കണം: കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിംഗ് തോമാര്‍

228

കൊച്ചി: മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബജറ്റില്‍ പ്രഥമ പരിഗണന നല്‍കണമെന്ന് കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമര്‍. തദ്ദേശ പങ്കാളിത്ത ബജറ്റിനെക്കുറിച്ചുള്ള ബ്രിക്‌സ് സമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖര-ദ്രാവക മാലിന്യസംസ്‌കരണത്തില്‍ തമിഴ്‌നാട് മാതൃക എല്ലാ സംസ്ഥാനങ്ങളും പരിഗണിക്കണമെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. 9000 ഗ്രാമങ്ങളില്‍ നടത്തിയ പദ്ധതി പ്രകാരം മാലിന്യത്തില്‍ നിന്ന് കളനാശിനി ഉണ്ടാക്കുകയാണ് ഈ ഗ്രാമങ്ങള്‍ ചെയ്യുന്നത്. ഇതുവഴി 40 ലക്ഷം രൂപയാണ് പഞ്ചായത്തുകള്‍ക്ക് കിട്ടുന്ന വരുമാനം. വരും വര്‍ഷത്തില്‍ 9000 ഗ്രാമങ്ങളിലേക്കു കൂടി ഇത് വ്യാപിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

തദ്ദേശ പങ്കാളിത്ത ബജറ്റിനെക്കുറിച്ച് രാജ്യത്തെ എല്ലാ ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ പരിശീലനം നല്‍കുമെന്ന് ഉദ്ഘാടനത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അറിയിച്ചു. ഉപയോഗപ്രദമായ പദ്ധതികള്‍ക്ക് പണം ചെലവഴിക്കുന്നതിനെപ്പറ്റി ബ്രിക്‌സ് രാജ്യങ്ങളിലെ പ്രതിനിധികള്‍ തങ്ങളുടെ അനുഭവ സമ്പത്ത് ഈ സമ്മേളനത്തിലൂടെ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. തുറസ്സായ സ്ഥലത്തെ വിസര്‍ജ്ജനം ഒഴിവാക്കിയ കേരളത്തിന്റെ നേട്ടത്തെ പരിപാടിയില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി പ്രശംസിച്ചു. പ്രധാനമന്ത്രിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് തുറസ്സായ സ്ഥലത്തെ വിസര്‍ജ്ജനം ഒഴിവാക്കാന്‍ സംസ്ഥാനങ്ങള്‍ മത്സരിക്കുന്ന കാഴ്ചയാണെന്നും നരേന്ദ്ര സിംഗ് തോമാര്‍ പറഞ്ഞു.

പതിന്നാലാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയതു വഴി ഗ്രാമപഞ്ചായത്തുകള്‍ക്ക് തടസ്സമില്ലാതെ പണം ലഭിക്കുന്നുണ്ടെന്ന് കേന്ദ്ര പഞ്ചായത്ത് രാജ് സഹമന്ത്രി പുരുഷോത്തം റുപാല പറഞ്ഞു. രണ്ട് ലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും പഞ്ചായത്തുകള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ഈ പണം വിനിയോഗിക്കേണ്ട പദ്ധതികള്‍ ഏതൊക്കെയന്ന് തെരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ വികസന പദ്ധതികളെ ബാധിക്കരുതെന്ന നിര്‍ബന്ധം സംസ്ഥാന സര്‍ക്കാരിനുണ്ടെന്ന് സംസ്ഥാന തദ്ദേശ സ്വയംഭരണ മന്ത്രി ഡോ കെടി ജലീല്‍ പറഞ്ഞു. തുറസ്സായ സ്ഥലത്തെ വിസര്‍ജ്ജനം ഒഴിവാക്കിയ സംസ്ഥാനത്തിന്റെ നടപടി ഇതിന്റെ ഉദാഹരണമാണ്. രണ്ട് മാസം കൊണ്ട് ഒന്നേമുക്കാല്‍ ലക്ഷം കക്കൂസുകളാണ് സംസ്ഥാനത്ത് നിര്‍മ്മിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഭരണവര്‍ഗം ഗ്രാമങ്ങളില്‍ നിന്ന അകന്നാണ് ജീവിക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ രാജ്യസഭാ എംപി വിനയ് സഹസ്രബുദ്ധേ പറഞ്ഞു. ഗ്രാമങ്ങളിലെ വികസനത്തിന് ഇത് വിഘാതമായിട്ടുണ്ട്. നേരിട്ടുള്ള ജനാധിപത്യമാണ് ഇന്ത്യയിലെ പ്രത്യേകത. അധികാരം വിട്ടൊഴിയാനുള്ള വിമുഖത, ജനങ്ങളുടെ അമിതമായ പ്രതീക്ഷ തുടങ്ങിയ കാര്യങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലുമുണ്ട്. തദ്ദേശ പങ്കാളിത്തത്തോടെയുള്ള ആസൂത്രണത്തില്‍ നമ്മുടെ രാജ്യത്തെ തെരഞ്ഞെടുപ്പു സംവിധാനത്തിനും അതിന്റേതായ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്നെ ബ്രിക്‌സ് രാജ്യങ്ങളിലെ പ്രതിനിധികളുടെ അനുഭവ സമ്പത്ത് കൂടി ഉപയോഗപ്പെടുത്തിയാല്‍ മികച്ച രീതിയില്‍ മാറ്റങ്ങള്‍ കൊണ്ടു വരാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമങ്ങളില്‍ നിന്ന് നഗരത്തിലേക്കുള്ള ത്വരിതഗതിയിലുള്ള കുടിയേറ്റം ഒഴിവാക്കാന്‍ എന്തു ചെയ്യണമെന്ന് ഗൗരവമായി ചിന്തിക്കണമെന്ന് രാജസ്ഥാന്‍ പഞ്ചായത്ത് രാജ് മന്ത്രി സുരേന്ദ്ര ഗോയല്‍ ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യങ്ങളും തൊഴിലവസരവും സൃഷ്ടിച്ചാല്‍ തന്നെ ഗ്രാമങ്ങളിലെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര ഗ്രാമവികസന വകുപ്പ് സെക്രട്ടറി ജെ എസ് മാഥുര്‍ സ്വാഗതവും കേന്ദ്ര പഞ്ചായത്ത് രാജ് അഡീഷണല്‍ സെക്രട്ടറി എ കെ ഗോയല്‍ നന്ദിയും പറഞ്ഞു. റഷ്യന്‍ ഫെഡറേഷന്‍ ബഷ്‌കോര്‍ട്ടോസ്റ്റാന്‍ പ്രവിശ്യ പ്രധാനമന്ത്രി റുസ്തം മര്‍ഡനോവ്, ബ്രസീല്‍ എംബസി പ്രതിനിധി ഫാബിയാനോ, ചൈനീസ് എംബസി ഫസ്റ്റ് ഓഫീസര്‍ കാവോ ഹായിജുന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.