ബ്രസീൽ ക്വാർട്ടർ കാണാതെ പുറത്ത്

315

മസാച്യുസിറ്റ്സ്∙ അഞ്ചു തവണ ലോകചാംപ്യൻമാരായ ബ്രസീൽ, തോൽവിയോടെ കോപ്പ അമേരിക്കയുടെ ശതാബ്ദി ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്തായി. 75-ാം മിനിറ്റിൽ റൂഡിയാസ് മിസ്റ്റിച്ച് നേടിയ വിവാദ ഗോളാണ് ബ്രസീലിനെ തോൽവിയിലേക്ക് തള്ളിവിട്ടത്. സമനില പോലും ക്വാർട്ടർ ബർത്ത് നേടിക്കൊടുക്കുമെന്നിരിക്കെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ് ബ്രസീൽ പുറത്തേക്ക് പോയത്. വിജയത്തോടെ ആറു പോയിന്റു ലഭിച്ച പെറു ഗ്രൂപ്പ് ചാംപ്യൻമാരായ ക്വാർട്ടറിലെത്തി. ഇക്വഡോറാണ് ഗ്രൂപ്പിൽനിന്നും ക്വാര്‍ട്ടറിലെത്തിയ രണ്ടാമത്തെ ടീം.
75-ാം മിനിറ്റിലായിരുന്നു പെറുവിന്റെ വിവാദഗോൾ. ബോക്സിന്റെ വലതുഭാഗത്തുനിന്നും ജോർമൻ ആന്ദ്രാദെ ഉയർത്തിവിട്ട ക്രോസ് ഗോളിലേക്ക് തിരിച്ചുവിടാനുള്ള ശ്രമത്തിനിടെ പെറുവിന്റെ റൂഡിയാസ് മിസ്റ്റിച്ച് പന്ത് കൈകൊണ്ട് തട്ടി. റൂഡിയാസിന്റെ കൈയിൽ തട്ടിയ പന്ത് ബ്രസീൽ വലയിൽ കയറുമ്പോൾ ബ്രസീൽ ഗോളിയും താരങ്ങളും പന്ത് കൈകൊണ്ടാണ് തട്ടിയിട്ടതെന്ന പരാതിയുമായി റഫറിയെ പൊതിഞ്ഞു.
ഗോളാഘോഷം തുടങ്ങിയ പെറുവിന്റെ താരങ്ങൾ പോലും ആഘോഷം നിർത്തിയെത്തിയതോടെ മൈതാനത്ത് സംഘർഷഭരിതമായ നിമിഷങ്ങൾ. ഗോളല്ലെന്ന് വാദിച്ച് ബ്രസീൽ താരങ്ങളും ഗോളനുവദിക്കണമെന്ന് വാദിച്ച് പെറു താരങ്ങളും റഫറിയെ പൊതിഞ്ഞു. പതിവിലുമധികം നീണ്ട ചർച്ചകൾക്കൊടുവിൽ റഫറി ഗോൾ അനുവദിച്ചതോടെ കോപ്പയിൽ പെറു ചരിത്രമെഴുതി. ഏറെ നാളായി തുടരുന്ന വിധിയുടെ വിളയാട്ടത്തെ പഴിച്ച് ബ്രസീൽ പുറത്തേക്കും.

NO COMMENTS

LEAVE A REPLY