അര്‍ജന്റീനയെ മൂന്നു ഗോളിന് വീഴ്ത്തി ബ്രസീല്‍

189

ബെലൊ ഹോറിസോണ്ടെ: ക്ലാസിക് പോരാട്ടം എന്നായിരുന്നു വിശേഷണം. എന്നാല്‍, ലോകകപ്പ് യോഗ്യതാ ഫുട്ബോളില്‍ ജീവന്മരണ പോരാട്ടത്തിനിറങ്ങിയ അര്‍ജന്റീന പരമ്ബരാഗത വൈരികളുടെ മണ്ണില്‍ നാണംകെട്ട് മണ്ണുതൊട്ടു. ലാറ്റിനമേരിക്കന്‍ ഗ്രൂപ്പിലെ പതിനൊന്നാം മത്സരത്തില്‍ ആതിഥേയരായ ബ്രസീലിനോട് മടക്കമില്ലാത്ത മൂന്ന് ഗോളിനായിരുന്നു മെസ്സിയും ഡി മാരിയയും അഗ്യുറോയും ഹിഗ്വായ്നുമെല്ലാം അണിനിരന്ന അര്‍ജന്റീനയുടെ തോല്‍വി. ബ്യൂണസ് ഏറീസില്‍ നടന്ന ആദ്യ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു (1-1) ഈ തോല്‍വിയോടെ റഷ്യയിലെ ഫൈനല്‍ റൗണ്ടിലേയ്ക്കുള്ള അര്‍ജന്റീനയുടെ യാത്ര ആശങ്കയിലായിരിക്കുകയാണ്.

പത്തംഗ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ പതിനൊന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോഴും ആറാമതു തന്നെയാണ് അവര്‍. പതിനാറ് പോയിന്റ് മാത്രമാണ് അവരുടെ സമ്ബാദ്യം. ആതിഥേയരായ ബ്രസീലാവട്ടെ 24 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ച ഉറുഗ്വായ് 23 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. പതിനെട്ട് പോയിന്റുമായി കൊളംബിയ മൂന്നാമതും പതിനേഴ് പോയിന്റുള്ള ഇക്വഡോര്‍ നാലാമതും പതിനേഴ് പോയിന്റുമായി ചിലി അഞ്ചാമതുമാണ്. ഇരുപത്തിയഞ്ചാം മിനറ്റില്‍ ഇടതു പാര്‍ശ്വത്തിലെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ലഭിച്ച പന്തുമായി അര്‍ജന്റീന ഗോള്‍ ഏരിയയിലേയ്ക്ക് ഊളിയിട്ടിറങ്ങിയ കുടിന്യോ തന്നെ വളയാന്‍ ശ്രമിച്ച മൂന്ന് ഡിഫന്‍ഡര്‍മാര്‍ക്ക് പിടികൊടുക്കാതെ ഒരു ഇടങ്കാന്‍ ബുള്ളറ്റ് തൊടുക്കുകയായിരുന്നു. ഇടത്തോട്ട് ചാടിയ ഗോളി റൊമേരോയുടെ കൈകളെ തോല്‍പിച്ച്‌ പന്ത് പോസ്റ്റിന്റെ മച്ചില്‍. (1-0).

ഏതാണ്ട് ഫോട്ടോകോപ്പി പോലെയായിരുന്നു ഒന്നാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ നെയ്മറുടെ രണ്ടാം ഗോളും. ഇടതു പാര്‍ശ്വത്തില്‍ നിന്നു തന്നെ ലഭിച്ച പന്തുമായി ഗബ്രിയല്‍ മുന്നോട്ടു കയറി വീണ്ടും ഇടതു വിംഗില്‍ നെയ്മര്‍ക്ക് കൊടുക്കുന്നു. ഇക്കുറിയും മൂന്ന് ഡിഫന്‍ഡര്‍മാര്‍ കാഴ്ചക്കാര്‍. ഗോളി റൊമേരോയ്ക്ക് തൊട്ടു മുന്നില്‍ നിന്ന് നെയ്മര്‍ ചെത്തിയിട്ട പന്ത് വീണ്ടും റൊമേരോയെ തോല്‍പിച്ചു. മൂന്നാം ഗോളിന്റെയും ബീജാപാവം ഇടതു പാര്‍ശ്വത്തില്‍ നിന്നു തന്നെ. ബോക്സിന്റെ ഇടതുഭാഗത്ത് നിന്ന് നേരെ വലത് മൂലയില്‍ റെനറ്റോയിലേയ്ക്ക്. റെനറ്റോ പന്ത് തട്ടി വീണ്ടും ബോക്സിന്റെ മധ്യഭാഗത്തേയ്ക്ക്. ബോക്സിന്റെ മധ്യഭാഗത്തേയ്ക്ക് മാര്‍ക്ക് ചെയ്യപ്പെടാതെ ഓടിയിറങ്ങിയ പൗലിന്യോയ്ക്ക് പന്ത് ഒന്ന് കണക്റ്റ് ചെയ്യേണ്ട പണിയേ ഉണ്ടായുള്ളൂ. റൊമേരോയെയും ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് വരുന്ന അര്‍ജന്റൈന്‍ ആരാധകരെയും ഞെട്ടിച്ച്‌ മൂന്നാം ഗോളും വലയില്‍.
ദയനീയമായ ഈ തോല്‍വിക്ക് അര്‍ജന്റീനയ്ക്ക് സ്വന്തം പ്രതിരോധത്തെയും മുനയൊടിഞ്ഞ ആക്രമണത്തെയും മാത്രമേ പഴിക്കാനാവൂ. ഒരു ടീമെന്ന നിലയില്‍ സമ്ബൂര്‍ണ പരാജയമായിരുന്നു മെസ്സിയുടെ ടീം. മറുഭാഗത്ത് ബ്രസീലാവട്ടെ ചതുരംഗനീക്കങ്ങളുടെ ചിട്ടയും വെടിപ്പുമോടെയാണ് ഓരോ തവണയും ആക്രമിച്ചുകയറിയത്. കൃത്യവും വേഗവും കണിശവുമായിരുന്നു പാസുകള്‍. ഓരോ കൈമാറ്റവും സ്വീകരിക്കാന്‍ കണക്കുതെറ്റാതെ നിലയുറപ്പിക്കാന്‍ ആളുമുണ്ടായി. മധ്യഭാഗത്തും വിംഗുകളിലുമെല്ലാം അവര്‍ ആധിപത്യം പുലര്‍ത്തി. ഈ നീക്കങ്ങളില്‍ ഓരോ തവണയും അര്‍ജന്റീനയുടെ പ്രതിരോധവും മധ്യനിരയും പാടെ ഛിന്നിച്ചിതറി. സെബലേറ്റയുടെ ഒരു ഗോള്‍ലൈന്‍ ക്ലിയറിങ്ങും ഭാഗത്തിന്റെ പിന്‍ബലവും ഇല്ലായിരുന്നെങ്കില്‍ അഞ്ചടിച്ച്‌ തകര്‍ക്കുമായിരുന്നു ബ്രസീല്‍.
മെസ്സിയും ഡി മാരിയയുമെല്ലാം ഉണ്ടായിട്ടും നല്ല നീക്കങ്ങള്‍ സൃഷ്ടിക്കുന്നതിലും അര്‍ജന്റീന വന്‍ പരാജയമായിരുന്നു. മെസ്സി തീര്‍ത്തും നിറംമങ്ങിപ്പോയി. നല്ല ഒരൊറ്റ നീക്കം പോലും അവര്‍ക്ക് കരുപ്പിടിപ്പിക്കാനായില്ല. അപകടം വിതറുന്ന നല്ലൊരു ഷോട്ട് പോലും അവരില്‍ നിന്നുണ്ടായില്ല. ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളില്‍ ഉറുഗ്വായ് ഇക്വഡോറിനെയും (2-1) പെറു പാരഗ്വായെയും (4-1) തോല്‍പിച്ചപ്പോള്‍ കൊളംബിയയും ചിലിയും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.