കളിയാക്കിയ അയൽവാസിയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം വിദ്യാർഥി അറസ്റ്റിൽ

214

പാരിപ്പള്ളി കോലായിൽ വാടകയ്ക്കു താമസിക്കുന്ന കഴക്കൂട്ടം പനച്ചുംമൂട് സ്വദേശി അഖിലാ(19)ണ് അറസ്റ്റിലായത്. പാരിപ്പള്ളിയിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്ലസ് ടു വിദ്യാർഥിയാണ്.

തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ പാരിപ്പള്ളി മൈലാടുംപാറ-ഐ.ഒ.സി. റോഡിലാണ് സംഭവം. മൈലാടുംപാറയിൽ ഈസ്റ്റേൺ ഏജൻസീസ് നടത്തുന്ന അഫ്സൽ ഖാനെ(35)യാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. നടന്നുപോവുകയായിരുന്ന അഫ്സൽ ഖാന്റെ പിന്നാലെ എത്തി ബാഗിൽനിന്ന് രണ്ട് ബോംബുകളെടുത്ത് എറിഞ്ഞു. ആദ്യത്തെ ബോംബ് പൊട്ടിത്തെറിച്ചു. ഒഴിഞ്ഞുമാറിയതിനാൽ അഫ്സൽ ഖാൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രണ്ടാമത്തെ ബോംബ് പുൽക്കാട്ടിൽ വീണതിനാൽ പൊട്ടിയില്ല. ശബ്ദംകേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അഖിൽ രക്ഷപ്പെട്ടു.

വിവരമറിഞ്ഞ് എത്തിയ പോലീസ് റബ്ബർ എസ്റ്റേറ്റിൽ ഒളിച്ചിരുന്ന വിദ്യാർഥിയെ കണ്ടെത്തി. പോലീസിനെ കണ്ട് ഓടിയ അഖിലിനെ ഒരു കിലോമീറ്ററോളം പിന്തുടർന്ന് സാഹസികമായാണ് അറസ്റ്റ് ചെയ്തത്. പാരിപ്പള്ളി എസ്‌.ഐ. പി.രാജഷ്, എ.എസ്.ഐ. സലിം, സി.പി.ഒ. മിഥുൻ എന്നിവരാണ് പിടികൂടിയത്.

ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി, പിടിച്ചെടുത്തതും പൊട്ടാതെകിടന്നതും ഉൾപ്പെടെ ആറ് ബോംബുകൾ നിർവീര്യമാക്കി. സയന്റിഫിക് അസിസ്റ്റന്റും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. വിദ്യാർഥിതന്നെയാണ് ബോംബ് നിർമിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

അഫ്സൽ ഖാന്റെ അയൽവീട്ടിലാണ് അഖിൽ താമസിക്കുന്നത്. സ്ഥിരമായി കളിയാക്കുന്നതുകൊണ്ടാണ് ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചതെന്ന് വിദ്യാർഥി പോലീസിനോട് പറഞ്ഞു. കൊലപാതകശ്രമം, ബോംബ് നിർമാണം, ഉപയോഗം തുടങ്ങിയ കുറ്റങ്ങൾക്ക് അഖിലിന്റെ പേരിൽ കേസെടുത്തു. ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചതിന് നേരത്തേതന്നെ തുമ്പ സ്റ്റേഷനിൽ അഖിലിന്റെ പേരിൽ രണ്ട് കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

NO COMMENTS