ഡല്‍ഹിയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 3.6 കോടി രൂപയുടെ അസാധു കറന്‍സികള്‍ പിടികൂടി

189

ന്യുഡല്‍ഹി : ഡല്‍ഹിയിലെ കാഷ്മേര ഗേറ്റില്‍ ഹോണ്ട സിറ്റി കാറില്‍ കടത്താന്‍ ശ്രമിച്ച 3.6 കോടി രൂപയുടെ അസാധു കറന്‍സികള്‍ പിടികൂടി. പണം കടത്തിയ മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഒരു ജ്വല്ലറി ഉടമയും ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റും സഹായിയുമായാണ് പിടിയിലായത്. പിടിച്ചെടുത്തത് കള്ളപ്പണമാണെന്ന് പോലീസ് സംശയിക്കുന്നു. അനധികൃത മാര്‍ഗത്തിലൂടെ വെളുപ്പിക്കാന്‍ കൊണ്ടുപോയതാണ് ഇതെന്നും കരുതുന്നു. കമ്മീഷന്‍ വ്യവസ്ഥയില്‍ പണം മാറി നല്‍കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് പറയുന്നു. അതേസമയം, പിടിയിലായവരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായില്ല. വാഹനത്തിന്‍റെ അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. വിവരം ആദായ നികുതി അധികൃതരെ അറിയിച്ചതായും പണം കൈമാറുമെന്നും പോലീസ് അറിയിച്ചു. പിടയിലായ മൂന്നു പേര്‍ക്കും വിവിധ ബാങ്കുകളിലായി നിരവധി അക്കൗണ്ടുകള്‍ ഉണ്ടെന്ന് പോലീസ് കണ്ടെത്തി. കൈവശമുള്ള തുക പലതവണയായി അക്കൗണ്ടില്‍ നിക്ഷേപിച്ച ശേഷം ഉടമയ്ക്ക് പിന്‍വലിച്ചു നല്‍കുകയാണ് പതിവ്. ഈ ഇടപാടിന് 20% മുതല്‍ 30% വരെ കമ്മീഷനും ഇവര്‍ ഈടാക്കിയിരുന്നു. ചില ബാങ്ക് ജീവനക്കാരും ഇവര്‍ക്ക് ഒത്താശ ചെയ്തിരുന്നുവെന്നും പോലീസ് കണ്ടെത്തി. ഈ ജീവനക്കാര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.