പത്തനംതിട്ടയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍

166

ന്യൂഡല്‍ഹി :ശബരിമല പ്രക്ഷോഭങ്ങളിലൂടെ പാര്‍ട്ടിക്ക് ഊര്‍ജ്ജം പകര്‍ന്ന കെ.സുരേന്ദ്രന് പത്തനംതിട്ട തന്നെ ലഭിക്കുമെന്ന് ഉറപ്പായി. പത്തനംതിട്ടയില്‍ തട്ടിനില്‍ക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിര്‍ണായകമായി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. സംസ്ഥാനത്തെ പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളില്‍ ശക്തമായ അതൃപ്തി ആര്‍.എസ്.എസ് നേതൃത്വം കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതോടൊപ്പം അണികളുടെ ശക്തമായ സമ്മര്‍ദ്ദവും കൂടി കണക്കിലെടുത്താണ് കെ.സുരേന്ദ്രനെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാന്‍ ധാരണയായതെന്ന് അറിയുന്നു.

കഴിഞ്ഞ ദിവസം വരെ പത്തനംതിട്ടയ്ക്കായി കടുത്ത മത്സരമാണ് പാര്‍ട്ടിയില്‍ നടന്നിരുന്നത്. സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പത്തനംതിട്ടയില്‍ മത്സരിക്കണമെന്ന് അവകാശവാദം ഉന്നയിച്ചതോടെയാണ് പ്രശ്നം സങ്കീര്‍ണ്ണമായത്. ഇതിന് തൊട്ട് പിന്നാലെ എം.ടി.രമേശും,അല്‍ഫോണ്‍സ് കണ്ണന്താനവും പത്തനംതിട്ടയ്ക്കായി മുന്നോട്ട് വന്നതോടെയാണ് സ്ഥാനാര്‍ത്ഥിനിര്‍ണയം കീറാമുട്ടിയായി തീര്‍ന്നു. എന്നാല്‍ ഇതില്‍ ശക്തമായ അതൃപ്തിയാണ് ആര്‍.എസ്.എസ് നേതൃത്വം ബി.ജെ.പി ദേശീയ നേതൃത്വത്തിനോട് പങ്കുവച്ചത്. ബി.ജെ.പി ഏറെ വിജയസാദ്ധ്യത കല്പിക്കുന്ന പത്തനംതിട്ട മണ്ഡലം.

പുതുതായി വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പാലക്കാട് സീറ്റിനായി താത്പര്യം പ്രകടിപ്പിച്ചിരുന്ന ശോഭ സുരേന്ദ്രന്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മത്സരിക്കും, അടുത്തിടെ കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്ക് ചേക്കേറിയ ടോം വടക്കനും മത്സരിക്കാന്‍ സാദ്ധ്യതയേറി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ചുമതലയുള്ള സംസ്ഥാന അദ്ധ്യക്ഷന്‍ മത്സരിക്കേണ്ടെന്ന നിലപാടാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്.

NO COMMENTS