വ്യാഴാഴ്ച മുതല്‍ രാജ്യത്തെ ബിഗ് ബസാര്‍ ഷോപ്പുകള്‍ വഴി 2000 രൂപ വരെ പിന്‍വലിക്കാം

172

നോട്ട് പ്രതിസന്ധിക്കു പരിഹാരംകാണാന്‍ ജനങ്ങളെ കുത്തക ബസാറുകളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ആനയിക്കുന്നു. വ്യാഴാഴ്ച മുതല്‍ രാജ്യത്തെ ബിഗ് ബസാര്‍ ഷോപ്പുകള്‍വഴി 2000 രൂപവരെ പിന്‍വലിക്കാമെന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പ് സിഇഒ കിഷോര്‍ ബിയാനി അറിയിച്ചു. എസ്ബിഐയുമായി സഹകരിക്കുന്ന 260 ബിഗ് ബസാര്‍ ഷോപ്പുകളിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്. ഈ ഷോപ്പുകളില്‍ സ്ഥാപിക്കുന്ന മിനി എടിഎമ്മിലൂടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ പണം പിന്‍വലിക്കാന്‍ സാധിക്കും.

500ന്റെയും 1000ന്റെയും നോട്ടുകള്‍ പിന്‍വലിച്ച ശേഷം എ.ടി.എമ്മുകള്‍ പൂര്‍ണ്ണമായി ഉപയോഗക്ഷമമല്ലാതായിരിക്കുന്ന സാഹചര്യത്തിലാണ് ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് പുതിയ തീരുമാനം സര്‍ക്കാര്‍ എടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം പെട്രോള്‍ പമ്പുകള്‍ വഴി ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ 2000 രൂപ വരെ പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. മൈക്രോ എ.ടി.എമ്മുകളും മൊബൈല്‍ എ.ടി.എമ്മുകളും വന്‍ നഗരങ്ങളില്‍ ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുമ്ബിലുള്ള തിരക്ക് ഗണ്യമായി കുറച്ചിട്ടുണ്ട്. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ പമ്പുകളില്‍ ഈ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. എസ് ബി ഐ, ഐസിഐസിഐ ബാങ്ക്, എച്ച്‌ ഡി എഫ് സി, സിറ്റി ബാങ്ക് എന്നിവയുമായി ബന്ധമുള്ള പെട്രോള്‍ പമ്പുകളിലൂടെയാണ് പണം പിന്‍വലിക്കലിന് അനുമതി നല്‍കിയിരുന്നത്. നേരത്തെ, ബാങ്കില്‍നിന്നു പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധിയും റിസര്‍വ് ബാങ്ക് ഉയര്‍ത്തിയിരുന്നു. ഒരാഴ്ച 50,000 രൂപവരെ ബാങ്കില്‍നിന്ന് നേരിട്ട് പിന്‍വലിക്കാനാണ് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരിക്കുന്നത്. ഓവര്‍ഡ്രാഫ്റ്റ്, കാഷ് ക്രെഡിറ്റ് അക്കൗണ്ടുകള്‍ക്കാണ് ഇളവ്. എന്നാല്‍ കഴിഞ്ഞ മൂന്നു മാസമായി ഇടപാടുകള്‍ നടന്നിട്ടില്ലാത്ത അക്കൗണ്ടുകള്‍ക്ക് ഇളവ് ബാധകമല്ല. അസാധുവായ നോട്ടുകള്‍ ഉപയോഗിച്ച്‌ കര്‍ഷകര്‍ക്ക് വിത്തുകള്‍ വാങ്ങാനും കേന്ദ്ര ധനമന്ത്രാലയം അനുമതി നല്‍കി.