ശ്രദ്ധയാകര്‍ഷിച്ച് ബിനാലെ ചുവരെഴുത്തുകള്‍

234

കൊച്ചി: ബിനാലെക്കാലമായതോടെ ഫോര്‍ട്ട്‌കൊച്ചിയില്‍ ചുവരെഴുത്തുകള്‍ പടരുന്നു. കൊച്ചി ബിനാലെ മൂന്നാം ലക്കത്തിന്റെ തനത് ചുവരെഴുത്ത് 20 വ്യത്യസ്ത സ്ഥലങ്ങളിലാണ് വരച്ചു ചേര്‍ത്തിരിക്കുന്നത്. വരയുടെ ചാരുത, നിറം, അക്ഷര ഭംഗി എന്നിവ കൊണ്ടു തന്നെ ചുവരെഴുത്തുകള്‍ ജനശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.കൊച്ചിയുടെ സാംസ്‌കാരിക വൈവിദ്ധ്യത്തെ പ്രതിഫലിപ്പിക്കുകയാണ് ഈ ചുവരെഴുത്തുകളുടെ ലക്ഷ്യമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റി സുനില്‍ വി ചൂണ്ടിക്കാട്ടി. വരയുടെ പ്രത്യേകത മാത്രമല്ല ഇതിനുള്ളത്. ബിനാലെ ഫോണ്ടെന്ന പേരില്‍ പ്രശസ്തമായ അക്ഷര മാതൃകകളുടെ ഉപജ്ഞാതാവ് കൂടിയാണ് സുനില്‍.

ബഹുമുഖ വ്യാഖ്യാനങ്ങളെന്ന ബിനാലെ പ്രമേയത്തിനെ ബന്ധിപ്പിക്കുന്നതാണ് ചുവരെഴുത്തുകളിലെ പകുതി ഭാഷയും പകുതി കലയുമടങ്ങുന്ന സൃഷ്ടിയെന്ന് സുനില്‍ പറുന്നു. പെട്ടന്ന് ശ്രദ്ധിക്കപ്പെടുന്ന അക്ഷര മാതൃക കൊണ്ട് എങ്ങിനെ ബിനാലെയുടെ വൈവിദ്ധ്യത്തെ പൊതുജനങ്ങളിലേക്കെത്തിക്കാന്‍ കഴിയുമെന്നത് വെല്ലുവിളിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം മൂന്നു രാത്രികള്‍ കൊണ്ടാണ് നാലംഗ സംഘം കൊച്ചിയുടെ ചുവരുകളില്‍ ഈ കലാവൈവിദ്ധ്യം വരച്ചു ചേര്‍ത്തത്. ലക്ഷ്യത്തോട് നീതി പുലര്‍ത്തി രൂപകല്‍പനയുടെ ഘടകങ്ങള്‍ പുന:സൃഷ്ടിക്കുകയെന്നത് കഠിനമായിരുന്നുവെന്ന് ചുവരെഴുത്തിന് നേതൃത്വം നല്‍കിയ ആര്‍ട്ടിസ്റ്റ് നരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ വരച്ചു കഴിഞ്ഞപ്പോള്‍ വരയിട്ട അക്ഷരങ്ങള്‍ വ്യത്യസ്ത അനുഭൂതി ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കടല്‍, കായല്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ ബിനാലെ നടക്കുന്നത് സൂചിപ്പിച്ചാണ് അക്ഷരങ്ങള്‍ക്ക് സമീപം തിരമാലകള്‍ വരച്ചതെന്നും അദ്ദേഹം പറഞ്ഞു.

നഗരത്തില്‍ പെയിന്റിംഗ് തൊഴിലാളികള്‍ക്ക് ഇപ്പോള്‍ പുതിയൊരു നിറം ലഭിച്ചുവെന്നതും പ്രത്യേകതയാണ്. കൊച്ചി ബിനാലെയുടെ കോര്‍പ്പറേറ്റ് പാര്‍ട്ണറായ ഏഷ്യന്‍ പെയ്ന്റ്‌സാണ് ശുദ്ധവെണ്‍മ വാഗ്ദാനം ചെയ്യുന്ന നിറം അവതരിപ്പിച്ചത്. കൊച്ചിയുടെ സ്വന്തം സ്ഥാപനമാണ് ബിനാലെയെന്നത് ചുവരെഴുത്തുകളിലൂടെ പതിഫലിപ്പിക്കപ്പെടുന്നുവെന്ന് സുനില്‍ ചൂണ്ടിക്കാട്ടുന്നു.

NO COMMENTS

LEAVE A REPLY