കൊച്ചി മെഡിക്കല്‍ കോളജില്‍ സാന്ത്വന സംഗീതവുമായി ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍

184

കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ പ്രതിമാസ സംഗീതപരിപാടിയായ ‘ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍’ ഒരിടവേളയ്ക്കുശേഷം കൊച്ചി മെഡിക്കല്‍ കോളജിലെത്തിയപ്പോള്‍ സാന്ത്വനസംഗീതവുമായെത്തിയത് യുവ ഗായകരായ കൃഷ്‌ണേന്ദു തിങ്കളും യഹിയ അസീസും. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് സംഗീതത്തില്‍ ബിരുദം നേടിയ ഞാറയ്ക്കല്‍ സ്വദേശിയായ കൃഷ്‌ണേന്ദു റേഡിയോ-ടിവി ചാനലുകളലെ സ്ഥിരം ഗായികയാണ്. മോഹം കൊണ്ടു ഞാന്‍… എന്ന ഗാനത്തോടെ കൃഷ്‌ണേന്ദു തന്നെയാണ് ആലാപനത്തിനു തുടക്കമിട്ടത്. യഹിയയും കൃഷ്‌ണേന്ദുവും ഒരു ഡസനോളം പ്രിയ ഗാനങ്ങളുമായി സദസിനെ ആവേശം കൊള്ളിച്ചപ്പോള്‍ രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരുമടങ്ങുന്ന സദസ് ഹര്‍ഷാരവത്തോടെയാണ് അവരെ പ്രോത്സാഹിപ്പിച്ചത്.

ദുരിതമനുഭവിക്കുന്നവര്‍ക്ക് സംഗീതത്തിലൂടെ സാന്ത്വനമേകുക എന്നത് മഹത്തായ ആശയമാണെന്നും അതിനു മുന്‍കൈ എടുത്ത ബിനാലെ ഫൗണ്ടേഷന്‍ അഭിനന്ദനമര്‍ഹിക്കുന്നുവെന്നും കൃഷ്‌ണേന്ദു ചൂണ്ടിക്കാട്ടി. മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, ലേക്‌ഷോര്‍ ആശുപത്രി എന്നിവയുമായി ചേര്‍ന്നാണ് ബിനാലെ ഫൗണ്ടേഷന്‍ പരിപാടി സംഘടിപ്പിക്കുന്നത്. കൊച്ചി മെഡിക്കല്‍ കോളജില്‍ നടന്നത് ഈ പരമ്പരയിലെ നൂറ്റി നാല്പത്തൊന്നാമത്തെ സംഗീതപരിപാടിയായിരുന്നു. എറണാകുളം ജനറല്‍ ആശുപത്രിയിലെ പ്രതിവാര സംഗീതപരിപാടിക്കുപുറമെ എല്ലാ മാസവും അവസാനത്തെ തിങ്കളാഴ്ചയാണ് കൊച്ചി മെഡിക്കല്‍ കോളജില്‍ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടി അരങ്ങേറിയിരുന്നത്.

കൊച്ചിയിലെ പ്രശസ്തമായ കലാകുടുംബത്തില്‍ അംഗമായ കൃഷ്‌ണേന്ദു കേരളത്തിലും വിദേശത്തും നിരവധി സംഗീത പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. റേഡിയോ മാംഗോയുടെ നാട്ടിലെ താരം പരിപാടിയുടെ അവസാന റൗണ്ടിലെത്തിയ ഈ ഗായിക ജനം ടിവി ചാനലില്‍ പിന്‍നിലാവ് എന്ന പരിപാടി അവതരിപ്പിക്കുന്നുണ്.

ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടികളിലെ പതിവായി എത്തുന്ന യഹിയ മലയാള ഗാനങ്ങള്‍ക്കൊപ്പം ഹിന്ദിഗാനങ്ങളും ഉള്‍പ്പെടുത്തി സദസിന്റെ മനം കവര്‍ന്നു. ഒരു പുഷ്പം മാത്രം.. എന്ന ഹിറ്റ് ഗാനത്തിലൂടെ യഹിയയാണ് സംഗീത പരിപാടിക്ക് തിരശീലയിട്ടത്. ഗായകനായ ജിന്‍സണ്‍ പ്രമദവനം.. എന്ന ഗാനത്തിലൂടെ പരിപാടിയിലെ അതിഥിതാരമായി.

NO COMMENTS

LEAVE A REPLY