സ്വന്തം സാന്ത്വനം മറ്റുള്ളവര്‍ക്ക് പകര്‍ന്ന് ആര്‍ട്‌സ് ആന്‍ഡ് മെഡിസിസിനില്‍ ബഷീര്‍

305

കൊച്ചി: പോളിയോ വന്ന് തളര്‍ന്ന കാലുകള്‍ ബഷീറിലെ ഗായകനെ തളര്‍ത്തിയില്ല. ജീവിതത്തോടുള്ള ശുഭാപ്തി വിശ്വാസം എറണാകുളം ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കു കൂടി പകര്‍ന്നു കൊടുക്കാന്‍ പി.കെ.ബഷീറിന് അവസരമൊരുക്കുകയായിരുന്നു ഇത്തവണത്തെ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടി. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, ലേക് ഷോര്‍ ആശുപത്രി, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര എന്നിവ സംയുക്തമായി നടത്തുന്ന സംഗീത സാന്ത്വന പരിപാടിയായ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്റെ 154-ാമത് ലക്കമായിരുന്നു ഇത്.

ചെറുപ്പത്തില്‍തന്നെ പോളിയോ ബാധിച്ച് കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ട പി.കെ ബഷീര്‍ രണ്ട് പതിറ്റാണ്ടായി സംഗീത ലോകത്തുണ്ട്. പഴയകാല സംഗീതജ്ഞന്‍ ഫോര്‍ട്ട് കൊച്ചി കുഞ്ഞുമുഹമ്മദിന്റെ മകന് സംഗീതം സിരകളില്‍ തന്നെയുണ്ടായിരുന്നു. ആലുവ കൃപ ട്രൂപ്പിലൂടെയാണ് കൂടുതല്‍ അവസരങ്ങള്‍ പി.കെ ബഷീറിന് ലഭിക്കുന്നത്. ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയില്‍ അഞ്ച് പാട്ടുകളാണ് ബഷീര്‍ ആലപിച്ചത്, രണ്ട് വീതം ഹിന്ദിയും മലയാളവും ഒരു തമിഴ്പാട്ടും.

ബഷീറിനൊപ്പം അനു അന്‍വര്‍ അബ്ദുള്ളയും പ്രവീണ വിനുവുമാണ് പാടാനെത്തിയത്. ഹിന്ദി, മലയാളം, തമിഴ് ഗാനങ്ങളുമായി അവര്‍ ശ്രോതാക്കളുടെ മനം കവര്‍ന്നു. കര്‍ണാടിക് സംഗീതം കഴിഞ്ഞ 12 വര്‍ഷമായി അഭ്യസിക്കുന്ന പ്രവീണ ഇപ്പോള്‍ ഗസലുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. നഗരത്തിലെ പ്രമുഖ ഗസല്‍ ഗായകരില്‍ ഒരാളാണ് അനു അന്‍വര്‍. കൊച്ചിയിലെ പ്രശസ്ത സംഗീത ഗുരുക്കളില്‍ ഒരാളായ ശെരീഫ് മാസ്റ്ററില്‍ നിന്നുമാണ് സംഗീതം അഭ്യസിച്ചത്.

NO COMMENTS

LEAVE A REPLY