കലാ വിദ്യാഭ്യാസത്തില്‍ സ്റ്റുഡന്റ്‌സ് ബിനാലെ ഇടപെടണം: വിദഗ്ധര്‍

245

കൊച്ചി : ഇന്ത്യയിലെ കലാ വിദ്യാഭ്യാസത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ ഈ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍ക്കു മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ സ്റ്റുഡന്റ്‌സ് ബിനാലെയ്ക്കു കഴിയുമെന്ന് കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി നടന്ന സിമ്പോസിയത്തില്‍ വിലയിരുത്തല്‍. ഇന്ത്യന്‍ കലാ വിദ്യാഭ്യാസത്തിന്റെ ഭാവി എന്നു പേരില്‍ നടക്കുന്ന ദ്വിദിന സിമ്പോസിയം എറണാകുളം സബ് കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഫോര്‍ട്ട് കൊച്ചി അയന ഹോട്ടലില്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ കലാരംഗത്തെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വിജയിച്ച മാതൃകകളുടെ അഭാവമുണ്ടെന്ന് ഡോ. അദീല അബ്ദുള്ള പറഞ്ഞു. സര്‍ക്കാര്‍ നല്‍കുന്ന യാത്രാ-അടിസ്ഥാനസൗകര്യ പിന്തുണയോടെ സ്റ്റുഡന്റ്‌സ് ബിനാലെയ്ക്ക് ഈ കുറവ് നികത്താനാകും. കേരളത്തില്‍നിന്ന് നിരവധി പ്രശസ്തരായ കലാകാരന്മാര്‍ ഉണ്ടായിട്ടുണ്ടെങ്കിലും കലാവിദ്യാര്‍ഥികള്‍ക്ക് പ്രയോഗിക വൈദഗ്ധ്യം നേടുന്നതിന് വിദ്യാലയങ്ങളില്‍നിന്ന് വേണ്ടത്ര മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കുന്നില്ല. ഇവിടെയാണ് സ്റ്റുഡന്റ് ബിനാലെ കടന്നുവരേണ്ടത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ഈ പദ്ധതി കേരളത്തിലെ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് അവര്‍ നിര്‍ദ്ദേശിച്ചു.

ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യന്‍ കണ്‍ടംപററി ആര്‍ട്ട് (ഫിക), ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്ട് ആന്‍ഡ് എജ്യുക്കേഷന്‍ (എഫ്‌ഐഎഇ) എന്നിവരുമായി സഹകരിച്ച് ടാറ്റ ട്രസ്റ്റ്‌സ്, ഷെര്‍-ഗില്‍ സുന്ദരം ആര്‍ട്ട്‌സ് ഫൗണ്ടേഷന്‍, അയന ഫോര്‍ട്ട്‌കൊച്ചി എന്നിവരുടെ സഹായത്തോടെ ബിനാലെ ഫൗണ്ടേഷനാണ് (കെബിഎഫ്) സിമ്പോസിയം സംഘടിപ്പിച്ചത്. സ്റ്റുഡന്റ്‌സ് ബിനാലെ 2016ന്റെ ക്യുറേറ്റര്‍മാര്‍, അധ്യാപകര്‍, ഗവേഷകര്‍, കലാകാരന്മാര്‍, മറ്റ് ഉപദേശകര്‍ എന്നിവര്‍ കോണ്‍ഫറന്‍സില്‍ വിവിധ ഘട്ടങ്ങളിലായി കെബിഎഫിന്റെ കലാവിദ്യാഭ്യാസ സംരംഭത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. നിലവില്‍ കലാവിദ്യാഭാസത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിന് കലാസ്ഥാപനങ്ങള്‍ക്കൊപ്പം സ്റ്റുഡന്റ്‌സ് ബിനാലെയ്ക്കുള്ള സ്ഥാനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു.

ആര്‍ട്ട് സ്‌കൂളിലെ പഠനവും അതിന്റെ വെല്ലുവിളികളും എന്താണെന്നും എവിടെയൊക്കെയാണ് അസമത്വങ്ങള്‍ നിലനില്‍ക്കുന്നതെന്നും പുതിയതായി സ്വീകരിക്കേണ്ട സമീപനങ്ങള്‍ എന്തൊക്കെയാണെന്നും മനസിലാക്കണമെന്ന് കെബിഎഫ് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി നിര്‍ദ്ദേശിച്ചു. സമകാലീന കലാവിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കാനും പ്രചോദിപ്പിക്കാനും മെന്റര്‍മാരോ സുഹൃത്തുക്കളോ മധ്യസ്ഥരോ മതിയാകും. ആര്‍ട്ട് സ്‌കൂളുകള്‍ രൂപകല്‍പ്പന ചെയ്യുകയും ഭരണനിര്‍വഹണം നടത്തുകയും ചെയ്യുന്ന രീതി മാറണം. ഏറ്റവും മികച്ച ഉദാഹരണങ്ങളില്‍നിന്നും മാതൃകകളില്‍ നിന്നും പഠിക്കുന്നതിനൊപ്പം നിലവിലെ അറിവിനെ അവഗണിക്കാതിരിക്കുകയും ചെയ്യണം. നൂറുകണക്കിന് ആര്‍ട്ട് വിദ്യാര്‍ഥികള്‍ കെബിഎഫില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു നിലയില്‍ ഇത് ഭാവിയിലെ യൂണിവേഴ്‌സിറ്റിയായി മാറിയിട്ടുണ്ട്. നൂറുകണക്കിന് വിദ്യാര്‍ഥികളുടെ കലാസൃഷ്ടികള്‍ സ്റ്റുഡന്റ്‌സ് ബിനാലെയിലൂടെ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. കലാവിദ്യാഭ്യാസം വിജയിക്കണമെങ്കില്‍ സിദ്ധാന്തവും പ്രായോഗികതയും ഒരുമിച്ചുപോകണം. പ്രയോഗത്തില്‍ വൈവിധ്യം പ്രോത്സാഹിപ്പിക്കപ്പെടണമെന്നും ബോസ് കൂട്ടിച്ചേര്‍ത്തു.

സ്റ്റുഡന്റ്‌സ് ബിനാലെ 2016-ന്റെ പ്രധാന വിജയം അത് സംയുക്ത ക്യുറേറ്റോറിയല്‍ ഉത്തരവാദിത്വത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി എന്നുള്ളതാണെന്ന് എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്റ് മീന വാരി പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള കലാവിദ്യാഭ്യാസത്തോട് കെബിഎഫിന്റെ പ്രതിബദ്ധതയാണ് സ്റ്റുഡന്റ്‌സ് ബിനാലെ സൂചിപ്പിക്കുന്നത്. സ്റ്റുഡന്റ്‌സ് ബിനാലെയെ കലാ അഭ്യസനത്തെ സ്വാധീനിക്കാന്‍ എങ്ങനെ ഉപയോഗിക്കാമെന്നതാണ് ഇനിയുള്ള ചോദ്യമെന്ന് ടാറ്റ ട്രസ്റ്റ്‌സ് സീനിയര്‍ പ്രോഗ്രാം മാനേജര്‍ ദീപിക സോറാബ്ജി പറഞ്ഞു. സമകാലീന കലയിലെ വ്യവസ്ഥാപിത സമീപനങ്ങളോട് മാറ്റത്തിനായി സംവദിക്കുന്നു എന്നതാണ് സ്റ്റുഡന്റ്‌സ് ബിനാലെയുടെ ദീര്‍ഘകാല ഫലങ്ങളിലെ ഒരു ഘടകമെന്ന് ഫിക ഡയറക്ടര്‍ വിദ്യാ ശിവദാസ് പറഞ്ഞു. സിമ്പോസിയം ഇന്നു സമാപിക്കും.

NO COMMENTS

LEAVE A REPLY