ജന്തുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം: മന്ത്രി വീണാ ജോർജ്

14

ജന്തുജന്യ രോഗങ്ങൾക്കെതിരെ ഏറ്റവും ജാഗ്രത പുലർത്തേണ്ട കാലമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 200 ലധികം ജന്തുജന്യ രോഗങ്ങളുണ്ട്. മനുഷ്യരിൽ ഉണ്ടാകുന്ന പകർച്ചവ്യാധികളിൽ 60 ശതമാനവും ജന്തുക്കളിൽ നിന്നും പകരുന്നവയാണ്. പുതുതായി ഉണ്ടാകുന്ന രോഗങ്ങളുടെ 70 ശതമാനവും ജന്തുക്കളിൽ നിന്നുമാണ് ഉണ്ടാകന്നത്. എലിപ്പനി, പേവിഷബാധ, നിപ, ആന്ത്രാക്സ് തുടങ്ങിയ പല ജന്തുജന്യ രോഗങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

മനുഷ്യരുടെ ആരോഗ്യം ജന്തു ജാലങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യത്തെ ആശ്രയിച്ചാണ്. ഇത് മുന്നിൽ കണ്ട് ആരോഗ്യ വകുപ്പ് രാജ്യത്ത് ആദ്യമായി ഏക ലോകം ഏകാരോഗ്യം എന്ന ലക്ഷ്യം മുൻനിർത്തി വൺ ഹെൽത്ത് പദ്ധതി നടപ്പിലാക്കി. മനുഷ്യന്റെ ആരോഗ്യത്തോടൊപ്പം തന്നെ മൃഗങ്ങളുടേയും പരിസ്ഥിതിയുടേയും ആരോഗ്യം നിലനിർത്തി രോഗ പ്രതിരോധമാണ് വൺ ഹെൽത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പേവിഷബാധയ്ക്കെതിരെ ലൂയി പാസ്ചർ വാക്സിൻ കണ്ടുപിടിച്ചതിന്റെ ആദര സൂചകമായാണ് ജൂലൈ 6 ജന്തുജന്യ രോഗ ദിനമായി ആചരിക്കുന്നത്. ജന്തുജന്യ രോഗങ്ങളക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുവാനും രോഗങ്ങളെ തിരിച്ചറിയുവാനും ശരിയായ പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുവാനുമാണ് ദിനാചരണം ലക്ഷ്യമിടുന്നത്.

ജന്തുജന്യ രോഗങ്ങൾ

ജന്തുക്കളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളാണ് ജന്തുജന്യ രോഗങ്ങൾ. എബോള, മങ്കി പോക്സ് തുടങ്ങിയവയും ലോകത്തിന് ഭീഷണിയായ ജന്തുജന്യ രോഗങ്ങളാണ്. നേരിട്ടുള്ള സമ്പർക്കം, ആഹാരം, വെള്ളം, പരിസ്ഥിതി എന്നിവയിലൂടെയാണ് രോഗാണു മനുഷ്യരിലേക്ക് പകരുന്നത്. മൃഗങ്ങളുമായുള്ള സ്വാഭാവിക സഹവാസം, വിനോദം, ലാളന, കൃഷി, ഭക്ഷണം എന്നിവയ്ക്കായി വളർത്തുക തുടങ്ങിയ സാഹചര്യങ്ങളിലൂടെ രോഗാണു മനുഷ്യരിലേക്ക് പകരുന്നത്. അന്തർദേശീയ യാത്രക്കാർ കൂടുതലുള്ളതിനാൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള രോഗങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്യാൻ സാധ്യത കൂടുതലാണ്. അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾ, 65 വയസിന് മുകളിൽ പ്രായമുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, ഗർഭിണികൾ എന്നിവർ രോഗ സാധ്യത കൂടുതലുള്ളവരാണ്.

പ്രതിരോധ മാർഗങ്ങൾ

കാർഷികമേഖലയിലുള്ള മൃഗപരിപാലന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നതിലൂടെ ഇറച്ചി, മുട്ട, പാൽ, പച്ചക്കറികൾ എന്നിവയിൽ നിന്നും രോഗം ഉണ്ടാകുന്നതും പടരുന്നതും തടയും. ശുദ്ധമായ കുടിവെള്ളം, മാലിന്യ സംസ്‌കരണം, ജലാശയങ്ങളുടെയും കുടിവെള്ള സ്രോതസുകളുടെയും വൃത്തിയാക്കൽ എന്നിവയും രോഗപ്രതിരോധത്തിൽ പ്രധാനമാണ്.
മൃഗങ്ങളുമായി ഇടപഴകൂകയോ അവയുടെ സമീപത്ത് പോകുകയോ ചെയ്തിട്ടുണ്ടങ്കിൽ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. സോപ്പും വെള്ളവും ലഭ്യമല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക.

എലിപ്പനിയ്ക്കെതിരെ പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിയ്ക്കുക. പട്ടിയോ പൂച്ചയോ മറ്റ് മൃഗങ്ങളോ കടിക്കുകയോ മാന്തുകയോ ചെയ്താൽ പേവിഷബാധയ്ക്ക് എതിരെയുള്ള വാക്സിൻ എടുക്കണം. കൊതുക്, ചെള്ള്, പ്രാണികൾ തുടങ്ങിയവയുടെ കടി ഒഴിവാക്കുക. ഭക്ഷണം സുരക്ഷിതമായി കൈകാര്യം ചെയ്യുക. നന്നായി വേവിച്ച് മാത്രം കഴിക്കുക.

NO COMMENTS