ബവ്റിജസ് ഔട്ട്ലെറ്റുകളിലെ കളക്ഷന്‍ തുക സൂക്ഷിക്കാന്‍ ബ്രാഞ്ചുകള്‍ തുറക്കാമെന്നു കനറാ ബാങ്ക്

204

തിരുവനന്തപുരം • ഓണത്തിനു ബാങ്കുകള്‍ക്കു കൂട്ട അവധി വന്നതോടെ, ഔട്ട്ലെറ്റുകളിലെ പണം എവിടെ സൂക്ഷിക്കുമെന്ന ബവ്റിജസ് കോര്‍പറേഷന്റെ ആശങ്കയ്ക്കു പരിഹാരം. ബവ്റിജസ് ഔട്ട്ലെറ്റുകളിലെ കളക്ഷന്‍ തുക സൂക്ഷിക്കാന്‍ ബ്രാഞ്ചുകള്‍ തുറക്കാമെന്നു ബവ്കോയ്ക്കു കനറാ ബാങ്കിന്റെ ഉറപ്പ്. പണം സൂക്ഷിക്കാന്‍ ഓരോ ജില്ലയിലും ഒരു ബ്രാഞ്ച് തുറക്കാമെന്നു ബാങ്ക് അധികൃതര്‍ അറിയിച്ചതായി ബവ്കോ ഫിനാന്‍സ് മാനേജര്‍ വി.ജി. ഷാജി മനോരമ ഓണ്‍ലൈനോടു പറഞ്ഞു.ബവ്കോ ഔട്ട്ലെറ്റുകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്നത് ഓണക്കാലത്താണ്. 15 ലക്ഷത്തോളം രൂപയാണ് ഔട്ട്ലെറ്റുകളിലെ പ്രതിദിന വരുമാനം. ഓണത്തിന് അവധിയായതിനാല്‍ ബ്രാഞ്ചുകള്‍ തുറക്കാനാകില്ലെന്നും പണം സൂക്ഷിക്കാനാകില്ലെന്നും ബാങ്കുകള്‍ നിലപാടെടുത്തതോടെ ബവ്കോ ആഭ്യന്തര വകുപ്പിനെ സമീപിച്ചു.
ഔട്ട്ലെറ്റുകള്‍ക്കു സമീപത്തെ പൊലീസ് സ്റ്റേഷനില്‍ പണം സൂക്ഷിക്കാനായിരുന്നു ആലോചന. എന്നാല്‍, സ്റ്റേഷനുകളില്‍ പണം സൂക്ഷിക്കുന്നതു സുരക്ഷിതമല്ലെന്ന നിലപാടിലായിരുന്നു പൊലീസ് . ഇതോടെ ബവ്റിജസ് കോര്‍പറേഷന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടി പരക്കം പാഞ്ഞു. ഒടുവില്‍ കനറാ ബാങ്കാണ് രക്ഷയ്ക്കെത്തിയത്.
സെപ്റ്റംബര്‍ 10 (രണ്ടാം ശനി), 11 (ഞായര്‍), 12 (ഈദുല്‍ ഫിത്തര്‍), 13 (ഒന്നാം ഓണം), 14 (തിരുവോണം), 15 (മൂന്നാം ഓണം), 16 (ചതയം) എന്നീ ദിവസങ്ങളിലാണ് ബാങ്ക് അവധി. ഉത്രാടം, തിരുവോണം ദിവസങ്ങളില്‍ 94.79 കോടി രൂപയുടെ മദ്യമാണ് 2015 ല്‍ വിറ്റത്. 2014 ല്‍ ഇത് 83 കോടി രൂപയായിരുന്നു.

NO COMMENTS

LEAVE A REPLY