ബിസിസിഐ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി പിന്‍വലിച്ചു

196

മുംബൈ• ബിസിസിഐ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി ബാങ്കുകള്‍ പിന്‍വലിച്ചു. ഇക്കാര്യം ചൂണ്ടിക്കാണിച്ച്‌ താന്‍ ബാങ്കുകള്‍ക്ക് ഇമെയില്‍ അയച്ചെന്ന് ജസ്റ്റിസ് ആര്‍.എം.ലോധ മനോരമ ന്യൂസിനോടു പറഞ്ഞു. ബിസിസിഐക്ക് അക്കൗണ്ടുകള്‍ സാധാരണപോലെ ഉപയോഗിക്കാം. അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പറഞ്ഞിട്ടില്ലെന്ന് ലോധ വ്യക്തമാക്കി. ബിസിസിഐ പറയുന്നത് അസോസിയേഷനുകള്‍ക്ക് അധികതുക നല്‍കുന്നകാര്യമാണ്. കൈമാറ്റം വിലക്കിയത് വ്യാഴാഴ്ച കോടതി കേസ് പരിഗണിക്കുംവരെയാണെന്നും അദ്ദേഹം പറഞ്ഞു.ന്യൂസീലന്‍ഡിനെതിരായ ക്രിക്കറ്റ് പരമ്ബര റദ്ദാക്കേണ്ടി വരുമെന്ന ഭീഷണിയുമായി ബിസിസിഐ ഇന്നു രംഗത്തെത്തിയിരുന്നു. ലോധകമ്മിറ്റി നിര്‍ദേശം മൂലം ബാങ്കുകള്‍ പണം നല്‍കുന്നില്ല എന്നതായിരുന്നു ബിസിസിഐയുടെ ആരോപണം.ലോധ കമ്മിറ്റിയില്‍നിന്ന് ഒട്ടേറെ ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ട്. ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ അവര്‍ക്കു സാധിക്കില്ല. താരങ്ങള്‍ക്കു പണം നല്‍കേണ്ടതാണ്. മൂന്നാം ടെസ്റ്റ് പണമില്ലാതെ കളിക്കാന്‍ അവര്‍ തയാറാകുമെങ്കില്‍ നടത്താമെന്നും ബിസിസിഐ പ്രതികരിച്ചിരുന്നു. അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ മല്‍സരിച്ചേക്കില്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂറും പറഞ്ഞു.എന്നാല്‍, ദൈനംദിന ആവശ്യങ്ങള്‍ക്ക് പണം ചെലവാക്കാമെന്ന് ജസ്റ്റിസ് ആര്‍.എം.ലോധ അറിയിച്ചു. സംസ്ഥാന അസോസിയേഷനുകള്‍ക്കുള്ള വലിയ ഫണ്ടുകള്‍ നല്‍കരുതെന്നാണ് നിര്‍ദേശം. ദൈനംദിന ചെലവുകള്‍ക്കുള്ള പണം നല്‍കരുതെന്ന് പറഞ്ഞിട്ടില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് നിര്‍ത്താനാകില്ല. പരമ്ബര നടത്തുന്നത് ദൈനംദിന കാര്യത്തില്‍പ്പെട്ടതാണെന്നും ജസ്റ്റിസ് ലോധ പറഞ്ഞിരുന്നു.