ബിസിസിഐയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

237

ന്യൂഡല്‍ഹി: ബിസിസിഐയുടെ അക്കൗണ്ടുകള്‍ ബാങ്കുകള്‍ മരവിപ്പിച്ചു. എെ.പി. എല്‍ വാതുവെപ്പ് കേസ് അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ലോധ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ബാങ്കുകളുടെ നടപടി. ഇതോടെ സംസ്ഥാന അസോസിയേഷനുകള്‍ക്ക് ബിസിസിഐക്ക് ഫണ്ട് കൈമാറാനാകില്ല. കഴിഞ്ഞ ബിസിസഐ യോഗത്തില്‍ സംസ്ഥാന അസോസിയേഷനുകള്‍ക്ക് ഫണ്ട് വിതരണം ചെയ്യാന്‍ അനുമതിയില്ലാതെ തീരുമാനം എടുത്തതിനാണ് ലോധകമ്മിറ്റിയുടെ നടപടി. ഇതിനെ തുടര്‍ന്ന് ഇന്ത്യ – ന്യൂസീലന്‍ഡ് ക്രിക്കറ്റ് പരമ്ബര റദ്ദാക്കാന്‍ ബിസിസിഐ ആലോചിക്കുന്നതായി സൂചനയുണ്ട്. താരങ്ങള്‍ പ്രതിഫലം വാങ്ങാതെ കളിച്ചാലെ മൂന്നാം ടെസ്റ്റ് നടക്കൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്.പരമ്ബരയിലെ ആദ്യ രണ്ട് ടെസ്റ്റും ജയിച്ച്‌ ഇന്ത്യ പരമ്ബര സ്വന്തമാക്കിയിരുന്നു. ഒരു ടെസ്റ്റും അഞ്ച് ഏകദിനങ്ങളുമാണ് ഇനി പരമ്ബരയില്‍ ബാക്കിയുള്ളത്. എന്നാല്‍ ബി.സി.സി.ഐയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ പരമ്ബരയുടെ ഭാവിതന്നെ അവതാളത്തിലായിരിക്കുകയാണ്. ലോധ കമ്മിറ്റിയുടെ നിലപാടില്‍ മാറ്റമില്ലെങ്കില്‍ അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്ബ്യന്‍സ് ട്രോഫിയില്‍ നിന്നും ഇന്ത്യ പിന്മാറുമെന്നും ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂര്‍ പറഞ്ഞു.എന്നാല്‍ ന്യൂസീലന്‍ഡിനെതിരായ പരമ്ബരയെ ഇത് ഒരു രീതിയിലും ബാധിക്കില്ലെന്ന് ജസ്റ്റിസ് ലോധ അറിയിച്ചു. ബിസിസിഐയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവിനെയും ഇത് ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പരമ്ബര നിര്‍ത്തുന്നത് സംബന്ധിച്ച്‌ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.