ബസും കാറും കൂട്ടിയിടിച്ച്‌ അമ്മയും മകനും മരിച്ചു

192

പൊന്‍കുന്നം: പാലാ-പൊന്‍കുന്നം റോഡില്‍ ഇളങ്ങുളം ചന്തക്കവലയ്ക്കു സമീപം കെ. എസ്. ആര്‍. ടി. സി ബസും കാറും കൂട്ടിയിടിച്ചു. കാര്‍ യാത്രക്കാരായ അമ്മയും മകനും മരിച്ചു. തലയോലപ്പറന്പ് ഇറുന്പയം വേലംപറന്പില്‍ അപ്പുക്കുട്ടന്‍ നായരുടെ ഭാര്യ സരസ്വതിയമ്മ (70), മകന്‍ ബാലചന്ദ്രന്‍ (45) എന്നിവരാണ് മരിച്ചത്. ബാലചന്ദ്രന്‍റെ ഭാര്യ അംബിക (40), മകന്‍ അന്‍ജിത്ത് ബാല്‍ (16) എന്നിവര്‍ക്കു സാരമായി പരുക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം. എറണാകുളത്തു നിന്ന് മുണ്ടക്കയം വഴി കോരൂത്തോടിനു പോവുകയായിരുന്ന എരുമേലി ഡിപ്പോയിലെ കെ. എസ്. ആര്‍. ടി. സി ഫാസ്റ്റ് പാസഞ്ചര്‍ ബസുമായാണ് എതിരേ വന്ന കാര്‍ കൂട്ടിയിടിച്ചത്. വെച്ചൂച്ചിറ കുന്നത്ത് ബന്ധുവീട്ടില്‍ വിവാഹനിശ്ചയ ചടങ്ങു കഴിഞ്ഞ് തിരികെ പൊന്‍കുന്നം -പാലാ റോഡ് വഴി തലയോലപ്പറന്പിനു പോവുകയായിരുന്നു കാര്‍ യാത്രികര്‍. മരിച്ച ബാലചന്ദ്രന്‍ ദുബായില്‍ കന്പനി ഫോര്‍മാനായിരുന്നു. അവധിക്കു നാട്ടിലെത്തിയ ഇദ്ദേഹം അടുത്ത മാസം മടങ്ങാനിരിക്കെയായിരുന്നു ദുരന്തം. മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്ന കാറില്‍ നിന്ന് പരിക്കേറ്റവരെ ഓടിക്കൂടിയ പരിസരവാസികളാണ് പുറത്തിറക്കിയത്. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സരസ്വതിയമ്മയുടെ ജീവന്‍ രക്ഷിക്കാനായില്ല. മറ്റുള്ളവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയി. ബാലചന്ദ്രന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണു മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. കാലിനും കൈയ്ക്കും ഒടിവു പറ്റിയ അംബികയെയും മകന്‍ അന്‍ജിത്തിനെയും പിന്നീടു മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.തകര്‍ന്ന കാറില്‍ നിന്ന് റോഡില്‍ പരന്ന ഓയില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഫയര്‍ ഫോഴ്സ് യൂണിറ്റെത്തി കഴുകി തുടര്‍അപകടസാധ്യത ഒഴിവാക്കി. പൊന്‍കുന്നം എസ്. ഐ. കെ. അഭിലാഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

NO COMMENTS

LEAVE A REPLY