സ്കൂള്‍ ബസിനു മുകളിലേക്ക് മരം വീണു; വന്‍ദുരന്തം ഒഴിവായി

159

കട്ടപ്പന: സ്കൂള്‍ ബസിനു മുകളിലേക്കു മരം ഒടിഞ്ഞു വീണു. ബസിനു വേഗം കുറവായതിനാല്‍ വന്‍ ദുരന്തം വഴിമാറി. ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ.സ്കൂളിന്‍റെ ബസിനു മുകളിലേക്കാണ് മരം വീണത്. അപകടത്തില്‍ ബസിന്‍റെ മുന്‍ ഭാഗത്തെ ഗ്ലാസുകള്‍ തകര്‍ന്നു. ഇന്നലെ രാവിലെ ഒന്‍പതോടെ കാല്‍വരിമൗണ്ട് കുട്ടക്കല്ല് മേഖലയില്‍ നിന്നു വിദ്യാര്‍ഥികളുമായി വരുന്ന വഴിയില്‍ മത്തായിപ്പടിക്ക് സമീപമാണ് മരം വീണത്. എതിര്‍ദിശയില്‍ നിന്നുവന്ന ഓട്ടോറിക്ഷക്ക് സൈഡു നല്‍കുന്ന സമയത്തായിരുന്നു അപകടം. ഈ സമയം ബസിനു വേഗത കുറവായതിനാലാണ് വന്‍അപകടം ഒഴിവയത്. 25-ഓളം കുട്ടികള്‍ വാഹനത്തിലുണ്ടായിരുന്നു. ബസിന്‍റെ ചില്ലുകള്‍ പൊട്ടിയ ശബ്ദത്തില്‍ കുട്ടികള്‍ പേടിച്ചു നിലവിളിച്ചു. ശബ്ദം കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. മത്തായിപ്പടി മേഖലയില്‍ ഇത്തരത്തില്‍ നിരവധി മരങ്ങളാണ് അപകടാവസ്ഥയിലുള്ളത്. റോഡിനു വീതിയില്ലാത്തതും അപകടത്തിനു കാരണമാകുന്നുണ്ട്. എത്രയും വേഗം സുരക്ഷ ഒരുക്കാന്‍ അധികൃതര്‍ തയാറാവണമെന്നാണു നാട്ടുകാരുടെ ആവശ്യം.

NO COMMENTS

LEAVE A REPLY