ആറ്റുകാല്‍ പൊങ്കാല മടക്കയാത്രയ്ക്ക് വിപുമായ സൗകര്യമൊരുക്കി കെഎസ്ആര്‍ടി

169

തിരുവനന്തപുരം : ആറ്റുകാല്‍ അമ്മയുടെ മുന്നില്‍ പൊങ്കാല അര്‍പ്പിച്ചു നിവേദ്യം സ്വീകരിച്ചു മടങ്ങുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും തിരികെഉള്ള മടക്കത്തിനു എല്ലാ റൂട്ട്കളിലേക്കും വിപുലമായ സൗകര്യം ഒരുക്കി കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ സജ്ജമായി. എല്ലാ റൂട്ടുകളിലേയ്ക്കുമുള്ള ബസുകള്‍ ഉച്ചക്കേ നിരത്തുകളില്‍ സ്ഥാനം പിടിച്ചു. എല്ലാ ഡിപ്പോകളില്‍ നിന്നും സ്‌പെഷ്യല്‍ സര്‍വീസുണ്ട്.

ജില്ലയ്ക്ക് പുറത്ത് നിന്നുള്ള തിരക്ക് കണക്കിലെടുത്ത് പ്രത്യേക സര്‍വീസുകള്‍ അനുവദിച്ചിട്ടുണ്ട്.കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, പത്തനംതിട്ട എന്നീ ജില്ലകളില്‍ നിന്നും ആറ്റുകാല്‍ ക്ഷേത്രം ബോര്‍ഡ് വെച്ച് സര്‍വീസുകളുണ്ടാകും. തീര്‍ഥാടകരുടെ തിരക്ക് അനുസരിച്ച് സര്‍വീസ് നടത്താന്‍ ബന്ധപ്പെട്ട യൂണിറ്റ് അധികാരികളെ നിയോഗിച്ചിട്ടുണ്ട്.

ബസുകള്‍ കമലേശ്വരം സ്‌കൂളിന് സമീപത്ത് നിന്ന് പൂവാര്‍ മുതല്‍ വിഴിഞ്ഞം വരെയും, ഫോര്‍ട്ട് ഹൈസ്‌കൂളില്‍ നിന്ന് പേട്ട, കണ്ണമ്മൂല, കേശവദാസപുരം വഴിയും സ്‌പെഷ്യല്‍ സര്‍വീസ് നടത്തും. കിള്ളിപ്പാലം, കരമന, പാപ്പനംകോട് റോഡിലൂടെ തിരുമല, ജഗതി, പാങ്ങോട്, നെയ്യാറ്റിന്‍കര മേഖലയിലൂടെയും കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും.

കിഴക്കേകോട്ടയില്‍ നിന്ന് വട്ടിയൂര്‍ക്കാവ്, പേരൂര്‍ക്കട ഭാഗത്തേയ്ക്കും തിരുവനന്തപുരം സിറ്റിയില്‍ നിന്ന് കിളിമാനൂര്‍, ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, കാട്ടാക്കട വരെയും മരുതൂര്‍കടവില്‍ നിന്ന് പാപ്പനംകോട് മേഖല വരെയും ഭക്തര്‍ക്കായി സര്‍വീസുണ്ടായിരിക്കും. പൊലീസിന്റെ നിര്‍ദ്ദേശാനുസരണം ആവശ്യമായ മാറ്റങ്ങള്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് വരുത്താവുന്നതാണ്.

സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍മാരൊഴികെയുള്ള ഇന്‍സ്‌പെക്ടര്‍മാര്‍ നിശ്ചിത യൂണിഫോം ധരിച്ചാണ് ജോലി ചെയ്യേണ്ടത്. ഗതാഗത തടസ്സം നേരിട്ടാല്‍ ബസുകള്‍ റൂട്ട് തിരിച്ചുവിടാന്‍ പൊലീസ് അധികാരികളുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ കൈകൊള്ളുന്നതിന് തിരുവനന്തപുരം സെന്‍ട്രല്‍, തിരുവനന്തപുരം സിറ്റി, പാപ്പനംകോട്, വികാസ് ഭവന്‍ എന്നീ യൂണിറ്റ് അധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഷിജു എസ് രാജൻ

NO COMMENTS