എ.ടി.എം തട്ടിപ്പ് കേസിലെ പ്രതിയുമായി പൊലീസ് വീണ്ടും മുംബൈയിലേക്ക്

188

കേരളത്തിലേക്ക് കൊണ്ടുപോയി വിശദമായി ചോദ്യം ചെയ്ത ശേഷമാണ് മരിയന്‍ ഗബ്രിയേലിനെ വീണ്ടും മുംബൈയിലേക്ക് കൊണ്ടുവരുന്നത്. നാളെ വൈകുന്നേരത്തോടെ മുംബൈയിലെത്തുന്ന സംഘം പ്രതി താമസിച്ച ഹോട്ടലിലും പണം പിന്‍വലിച്ച എ.ടി.എമ്മിലും എത്തി വിശദമായി തെളിവെടുപ്പ് നടത്തും. തിരുവനന്തപുരം മ്യൂസിയം എസ്.ഐ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുംബൈയിലേക്ക് തിരിച്ചത്. മുംബൈയില്‍ മരിയന് പ്രാദേശികമായി സഹായം ലഭിച്ചിരുന്നോ എന്ന് പൊലീസ് പരിശോധിച്ചിരുന്നു. വിവിധ ടീമുകളായി തിരിഞ്ഞാണ് കേരളത്തില്‍ നിന്നുള്ള അന്വേഷണസംഘം കഴിഞ്ഞ ഒരാഴ്ചയായി മുംബൈയില്‍ കേസന്വേഷണം നടത്തിയത്. മുംബൈ ക്രൈം ബ്രാഞ്ചിന്റെയും സൈബര്‍ സെല്ലിന്റെയും സഹായത്തോടെ വിദേശികള്‍ ഉള്‍പെട്ട എ.ടി.എം തട്ടിപ്പുകേസുകള്‍ സംബന്ധിച്ച വിവരശേഖരണം കേരള പൊലീസ് നടത്തി.
മുന്‍ വര്‍ഷങ്ങളില്‍ മുംബൈ പൊലീസ് പിടികൂടിയ എ.ടി.എം തട്ടിപ്പുകാര്‍ക്ക് കേരളത്തില്‍ നടന്ന ഹൈടെക് മോഷണത്തില്‍ ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ചു. ആഗസ്ത് ഒമ്പതാം തീയതിയായിരുന്നു നവിമുംബൈ വാഷിയിലെ തുംഗ ഹോട്ടലില്‍ വെച്ച് മരിയന്‍ ഗബ്രിയേലിനെ മുംബൈ പൊലീസ് പിടികൂടിയത്. എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ച് ഹോട്ടലിലെത്തിയ മരിയനെ കേരളാ പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഹൈടെക് എടിഎം കേസിലെ മുഖ്യപ്രതിയായ മരിയനെ പിടികൂടാനായെങ്കിലും കൂട്ടുപ്രതികളായ റൊമാനിയക്കാരെ കുടുക്കാനായില്ല.
മരിയനെ അറസ്റ്റ്ചെയ്ത അന്ന് രാത്രി തട്ടിപ്പുസംഘത്തിലെ അഞ്ചാമനായ കോസ്നെ മുംബൈയില്‍ നിന്ന് 65, 300രൂപ പിന്‍വലിച്ചിരുന്നു. അന്വേഷണസംഘത്തെ കബളിപ്പിച്ച് പതിനൊന്നാം തീയതി ഇയാള്‍ മുംബൈ വിമാനത്താവളംവഴി തുര്‍ക്കിയിലേക്ക് കടന്നു. തട്ടിപ്പുസംഘത്തിലെ മറ്റു മൂന്നുപേര്‍ നേരത്തെതന്നെ രാജ്യം വിട്ടിരുന്നു.

NO COMMENTS

LEAVE A REPLY