എടിഎമ്മില്‍ നിന്ന് ആവശ്യപ്പെട്ട തുക ലഭിച്ചില്ലെങ്കില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കില്ല

219

കൊച്ചി: എടിഎമ്മുകളില്‍ യന്ത്രത്തകരാര്‍ മൂലമോ, ഇടപാടുകാരന്‍ ഉദ്ദേശിച്ച ഇനം കറന്‍സി ഇല്ലാതിരുന്നാലോ സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്ന് എസ്ബിഐ വക്താവ് അറിയിച്ചു. മാസത്തില്‍ മെട്രോ നഗരങ്ങളില്‍ മൂന്ന് തവണയും മറ്റിടങ്ങളില്‍ അഞ്ച് തവണയും എടിഎം ഉപയോഗിക്കുന്നതിന് സര്‍വീസ് ചാര്‍ജ് ഇല്ല. പരിധിക്ക് ശേഷം ഓരോ തവണയ്ക്കും 23 രൂപ ഈടാക്കുന്നതാണ്. ബാലന്‍സ് എത്രയെന്ന് അറിയാനും മിനി സ്റ്റേറ്റ്മെന്റ് എടുക്കാനുമെല്ലാം എടിഎം ഉപയോഗിക്കുന്നത് ഓരോ ഇടപാടായി കണക്കാക്കുകയും ചെയ്യും. അഞ്ച് തവണ സൗജന്യത്തില്‍ പണം പിന്‍വലിക്കലും പണം നിക്ഷേപിക്കലും മാത്രമല്ല, ഇത്തരം എടിഎം ഉപയോഗങ്ങളും ഉള്‍പ്പെടും. എന്നാല്‍ യന്ത്രത്തകരാര്‍ മൂലം പണം ലഭിക്കാതെ വന്നാല്‍ ഇടപാടായി കണക്കാക്കില്ല. അതുപോലെ ഉദ്ദേശിച്ച തുക തരാന്‍ കഴിയാതിരുന്നാലും ഇടപാടായി കണക്കില്‍ കൂട്ടില്ല. ഉദാഹരണമായി ഒരാള്‍ 1500 രൂപ പിന്‍വലിക്കാന്‍ ശ്രമിക്കുകയും യന്ത്രത്തില്‍ 2000 നോട്ടുകള്‍ മാത്രം ഉണ്ടാവുകയും ചെയ്താല്‍ പണം ലഭിക്കില്ല. നൂറിന്റെയും 500ന്റെയും നോട്ടുകള്‍ ഇല്ലാതിരുന്നതാണ് കാരണം. ഉപഭോക്താവിന്റേതല്ലാത്ത കാരണം ആയതിനാല്‍ ഒരു ഇടപാട് ആയി അതു കണക്കാക്കില്ലെന്ന് എസ്ബിഐ വക്താവ് അറിയിച്ചു.
എസ്ബിഐ ഗ്രൂപ്പിലെ എല്ലാ ബാങ്കുകള്‍ക്കും ഇതേ വ്യവസ്ഥ ബാധകമാണ്. നോട്ട് നിരോധനം മൂലം ഡിസംബര്‍ 31 വരെ പരിധിയില്ലാതെ എല്ലാ എടിഎം ഇടപാടുകളും സൗജന്യമായിരുന്നു. ഈ മാസം എല്ലാവരും നിരക്ക് ഈടാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനെതിരെ വ്യാപര ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സേവന നിരക്ക് വ്യവസ്ഥയില്‍ വ്യക്തത വരുത്തി എസ്ബിഐ വക്താക്കള്‍ എത്തിയത്.

NO COMMENTS

LEAVE A REPLY