യൂണിവേഴ്സിറ്റി കോളേജിൽ ജ്യോതിശാസ്ത്ര ഗവേഷണ വികസന കേന്ദ്രം

19

രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ആദിത്യ എൽ വണ്ണിന്റെ സൗര നിരീക്ഷണ പഠനങ്ങളിലും വിവിധ ജ്യോതിശാസ്ത്ര പ്രപഞ്ച ഗവേഷണങ്ങളിലും നിസ്തുലമായ പങ്കുവഹിക്കുന്ന പൂനെയിലെ ഇന്റർയൂണിവേഴ്‌സിറ്റി സെന്റർ ഫോർ അസ്‌ട്രോണമി ആൻഡ് അസ്‌ട്രോഫിസിക്‌സിന്റെ (IUCAA) ജ്യോതിശാസ്ത്ര ഗവേഷണ വികസന കേന്ദ്രമായി (UCAA Centre for Astronomy Research and Development) തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ഭൗതികശാസ്ത്ര വിഭാഗത്തെ തെരഞ്ഞെടുത്തു.

രാജ്യത്ത് നിലവിൽ പ്രവർത്തിക്കുന്ന മുപ്പതോളം IUCAA ഗവേഷണ വികസന കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുന്ന ആദ്യത്തെ സർക്കാർ കോളേജ് ആണ് യൂണിവേഴ്‌സിറ്റി കോളേജ്. ജ്യോതിശാസ്ത്രവും പ്രപഞ്ച പഠനവുമായി ബന്ധപ്പെട്ട ദേശീയ സെമിനാറുകൾ, വർക്ക്‌ഷോപ്പുകൾ, അധ്യാപകർക്കും വിദ്യാർഥികൾക്കുമായുള്ള വിവിധ പരിശീലന പരിപാടികൾ തുടങ്ങിയവ നടത്തുന്നതിനുള്ള പൂർണമായ ധനസഹായം വരുന്ന രണ്ടു വർഷത്തേക്ക് കോളേജിന് ലഭിക്കും. ഈ രംഗത്തെ വിഖ്യാതരായ ശാസ്ത്രജ്ഞന്മാരുടെ വിവിധ പ്രഭാഷണങ്ങളും ആസൂത്രണം ചെയ്യാൻ കഴിയും. ജ്യോതിശാസ്ത്ര പഠനങ്ങൾക്ക് സ്‌കൂൾ/ കോളേജ് തലങ്ങളിൽ പ്രചാരം കൊടുക്കുക എന്നതും കേന്ദ്രത്തിന്റെ ഉത്തരവാദിത്വമാണ്.

യൂണിവേഴ്‌സിറ്റി കോളേജ് ഭൗതിക ശാസ്ത്ര വിഭാഗം മേധാവി ഡോ. പ്രിൻസ് പി.ആർ. ആണ് കേന്ദ്രത്തിന്റെ കോർഡിനേറ്റർ. ബഹിരാകാശ കാലാവസ്ഥ, സൗരാന്തരീക്ഷം, മെറ്റീരിയൽ സയൻസ് തുടങ്ങിയ മേഖലകളിൽ, നിലവിൽ ഭൗതികശാസ്ത്ര വിഭാഗത്തിൽ ഗവേഷണങ്ങൾ നടക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY