നിയമസഭാ തിരഞ്ഞെടുപ്പ്: പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ ചർച്ച ചെയ്തു – അന്തിമ ആക്ഷൻ പ്‌ളാൻ അടുത്തയാഴ്ച

17

നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏർപ്പെടുത്തേണ്ട പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചർച്ച ചെയ്തു. ഇതുസംബന്ധിച്ച അന്തിമ ആക്ഷൻ പ്‌ളാൻ അടുത്തയാഴ്ചയോടെ പോലീസ് സമർപ്പിക്കും. കേന്ദ്ര ഇലക്ഷൻ കമ്മീഷൻ പ്രതിനിധികൾ എത്തുന്നതിന് മുമ്പ് രൂപരേഖ തയ്യാറാക്കേണ്ടതുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

ഇത്തവണ പോളിംഗ് ബൂത്തുകളുടെ എണ്ണം വർധിപ്പിക്കേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്താവും പോലീസിന്റെ അന്തിമ ആക്ഷൻ പ്‌ളാൻ തയ്യാറാക്കുക. പോലീസിന്റെയും കേന്ദ്ര സേനകളുടെയും വിന്യാസം, ക്രമസമാധാന പാലനം, കള്ളവോട്ടു തടയൽ, പ്രശ്‌നബാധിത പ്രദേശങ്ങൾ കണ്ടെത്തൽ തുടങ്ങിയ കാര്യങ്ങൾ യോഗം വിശദമായി ചർച്ച ചെയ്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പോലീസിന്റെ പ്രഥമിക രൂപരേഖ എ. ഡി. ജി. പി മനോജ് എബ്രഹാം യോഗത്തിൽ അവതരിപ്പിച്ചു.

വടക്കൻ ജില്ലകളിലെ ചില പ്രദേശങ്ങളിൽ ശക്തമായ സുരക്ഷാ സംവിധാനം ഏർപ്പെടുത്തേണ്ടി വരുമെന്ന് യോഗം വിലയിരുത്തി. കള്ള വോട്ട് തടയുന്നതിന് ആവശ്യമായ ക്രമീകരണവും ഏർപ്പെടുത്തും. പോലീസിന്റെ യോഗത്തിൽ എ. ഡി. ജി. പി പത്മകുമാർ, വിജയ് സാഖറെ, ഐ. ജി പി. വിജയൻ എന്നിവരും പങ്കെടുത്തു.

തിരഞ്ഞെടുപ്പ് വേളയിൽ ഹവാല പണവും മദ്യവും മയക്കുമരുന്നും ഒഴുക്കുന്നതിന് തടയിടാനുള്ള നടപടികളും വിവിധ ഏജൻസികളു മായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ചർച്ച ചെയ്തു. പോലീസിന് പുറമെ ആദായനികുതി, വിൽപന നികുതി, വനം വകുപ്പ്, സി. ആർ. പി. എഫ് ഉദ്യോഗസ്ഥർ ഈ യോഗത്തിൽ സംബന്ധിച്ചു.

NO COMMENTS