കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ വേണ്ടത് കൂട്ടായ പ്രവര്‍ത്തനം – ജയറാം രമേശ്

183

ഹൈദരാബാദ്: പ്രിയങ്ക ഗാന്ധിയ്ക്കായി പാര്‍ട്ടിയില്‍ മുറവിളി ശക്തമാക്കവേ കോണ്‍ഗ്രസിന് വേണ്ടത് കൂട്ടായ പ്രവര്‍ത്തനമാണെന്ന വാദവുമായി മുതിര്‍ന്ന നേതാവ് ജയറാം രമേശ് രംഗത്ത്.
ഏതെങ്കിലും ഒരു നേതാവിലൂടെയല്ല കൂട്ടായപ്രവര്‍ത്തനത്തിലൂടെ മാത്രമേ കോണ്‍ഗ്രസിന്റെ പുനരുദ്ധാരണം സാധ്യമാകൂവെന്ന്‌ ജയറാം രമേശ് പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ പ്രിയങ്കാ ഗാന്ധി പ്രചാരണത്തിന്‌ ഇറങ്ങുമോയെന്ന ചോദ്യത്തിന് മറുപടി പറയവേ ജയറാം രമേശ് പറഞ്ഞു.
പാര്‍ട്ടിയെ വീണ്ടും ശക്തമാക്കണമെങ്കില്‍ നാം കൂട്ടായി പ്രവര്‍ത്തിച്ചേ മതിയാവൂ. എ ഇതു ചെയ്യും, ബി ഇതു ചെയ്യും, സി ഇതു ചെയ്യും ഇങ്ങനെ പിറകിലിരുന്ന് ഉത്തരവിട്ടിരുന്ന കാലം കഴിഞ്ഞിരിക്കുന്നു.
ആരുടെ കൈയിലും മാന്ത്രികവടിയില്ല, കൂട്ടായ പ്രവര്‍ത്തനം മാത്രമാണ് വിജയത്തിലേക്കുള്ള മാന്ത്രികവടി -കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി കൂടിയായ ജയറാം രമേശ് പറഞ്ഞു.
രാഹുല്‍ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കെത്താന്‍ ഇനി അധികകാലം കാത്തിരിക്കേണ്ടി വരില്ലെന്ന് വ്യക്തമാക്കിയ ജയറാം രമേശ് ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടി ചിട്ടയോടെ അടുക്കുകയാണെന്നും ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പിനും എട്ട് മാസം മുന്‍പേ യുപിയില്‍ പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് പാര്‍ട്ടിക്ക് പുതിയൊരു അധ്യക്ഷനും, പുതിയ ഏകോപനസമിതി ചെയര്‍മാനുമുണ്ട്.
മുന്‍കാല അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് പഠിച്ചിരിക്കുന്നു എന്നതിന് തെളിവാണ് ഇതെല്ലാം ജയറാം രമേശ് പറഞ്ഞു.