കല, രാജ്യം എന്നിവയെക്കുറിച്ചുള്ള ധാരണകള്‍ ബിനാലെ പരിപോഷിപ്പിച്ചു: അരുണ റോയി

328

കൊച്ചി: രാജ്യത്ത് മുന്‍ഗണന നല്‍കാന്‍ മടിക്കുന്ന പല കാര്യങ്ങളും കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നുവെന്ന് മഗ്‌സസെ പുരസ്‌കാര ജേതാവ് അരുണ റോയി. ലോകത്തെമ്പാടും കലയും സംസ്‌കാരവും ഭീഷണികള്‍ക്ക് വിധേയമാവുകയാണെന്നും അവര്‍ പറഞ്ഞു. ബിനാലെ പ്രദര്‍ശനങ്ങള്‍ കാണാന്‍ ഫോര്‍ട്ട് കൊച്ചി ആസ്പിന്‍വാള്‍ ഹൗസില്‍ എത്തിയതായിരുന്നു അരുണ റോയി. നിരവധി പ്രശസ്തരാണ് കഴിഞ്ഞ രണ്ടു മാസത്തോളമായി തുടരുന്ന ബിനാലെ കാണാന്‍ കൊച്ചിയിലെത്തുന്നത്.

സംസ്‌കാരത്തിലെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന അടയാളമാണ് കലയെന്ന് അരുണ റോയി പറഞ്ഞു. വിവിധ വീക്ഷണങ്ങള്‍ക്ക് സഹിഷ്ണുതയോടെ സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു എന്നത് ബിനാലെയെ വ്യത്യസ്തമാക്കുന്നു. ദൃശ്യഭാഷയിലും മറ്റ് കലാവിഷ്‌കാരങ്ങളിലും നൂതന ഭാഷ കൊണ്ടു വരാന്‍ ബിനാലെയ്ക്ക് കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയം, സംസ്‌കാരം, കല എന്നിവയുടെ വിമര്‍ശനാത്മകമായ പരിഛേദമെന്ന നിലയില്‍ ബിനാലെ രാജ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണെന്ന് അവര്‍ പറഞ്ഞു. തികച്ചും വ്യക്തിപരവും രാഷ്ട്രീയ അതിപ്രസരവുമുള്ള സൃഷ്ടികള്‍ ബിനാലെയില്‍ ഉണ്ട്. ഇന്ത്യയെയും കലയെയും കുറിച്ചുള്ള തന്റെ ധാരണകള്‍ ബിനാലെ പരിപോഷിപ്പിച്ചുവെന്നും അവര്‍ പറഞ്ഞു.

ബിനാലെ പോലെ മറ്റൊന്ന് ഇന്ത്യയില്‍ മറ്റൊരിടത്തും കാണുമോയെന്ന് സംശയമാണെന്ന് പതിന്നാലാം ധനകാര്യകമ്മീഷനംഗവും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ ഡോ.സുദീപ്‌തോ മണ്ഡല്‍ പറഞ്ഞു. ഉപയോഗ ശൂന്യമായ നഗരാവശിഷ്ടങ്ങളെ എങ്ങിനെ രൂപാന്തരപ്പെടുത്താമെന്നതിന് കൊച്ചി ബിനാലെ മാതൃകയാണെന്ന് സുദീപ്‌തോ മണ്ഡല്‍ പറഞ്ഞു. രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള കലാപരമായ ഛായ കൂടി ഇതിനു കൊടുക്കുന്നതോടെ ഈ രൂപാന്തരം കൂടുതല്‍ മനോഹരമായി എന്നും അദ്ദേഹം പറഞ്ഞു. ആദ്യമായാണ് അദ്ദേഹം ബിനാലെ കാണാനെത്തുന്നത്.

സ്വന്തം ഭാവനയെ തുറന്നു വിട്ടാല്‍ കല എന്നത്, കേവലം പെയിന്റിംഗോ, ഫോട്ടോയോ, പ്രതിഷ്ഠാപനമോ, അല്ലെന്ന് തിരിച്ചറിയാനാകുമെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്‍ പറഞ്ഞു. ഇത് മൂന്നാം തവണയാണ് അദ്ദേഹം ബിനാലെ കാണാനെത്തുന്നത്. ഓരോ തവണയും തന്റെ ആസ്വാദ്യത വര്‍ധിക്കുന്നു. വിദേശയാത്രകളില്‍ നിരവധി കലാ മ്യൂസിയങ്ങല്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും സ്വന്തം രാജ്യത്ത് ഇത്തരമൊന്ന് കാണുന്നത് ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുമുള്ള കലാപ്രദര്‍ശനം ആസ്വദിക്കാന്‍ പ്രാദേശിക ജനതയ്ക്ക ലഭിക്കുന്ന അസുലഭ അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. വിദേശയാത്രകളില്‍ നിരവധി കലാ മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും സ്വന്തം രാജ്യത്ത് ഇത്തരമൊന്ന് കാണുന്നത് ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കലാപ്രദര്‍ശനം ആസ്വദിക്കാന്‍ പ്രാദേശിക ജനതയ്ക്ക ലഭിക്കുന്ന അസുലഭ അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY