നാടകഗാനങ്ങളുടെ മാധുര്യം പകര്‍ന്ന് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍

233

കൊച്ചി: ഒരു കാലത്ത് കേരള സമൂഹത്തെ ആഴത്തില്‍ സ്വാധീനിച്ച കലാരൂപമായിരുന്നു നാടകം. കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യബോധത്തില്‍ നാടകവും കഥാപ്രസംഗവും വരുത്തിയ സ്വാധീനം സിനിമയ്ക്കു പോലുമുണ്ടായിട്ടില്ല. അന്നത്തെ നാടക ഗാനങ്ങളും തുല്യമായ പ്രശസ്തി നേടിയിരുന്നു. അക്കാലത്തേക്കുള്ള തിരിച്ചു പോക്കായിരുന്നു എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടന്ന ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ സംഗീത സാന്ത്വന പരിപാടി.

പതിനഞ്ച് നാടകഗാനങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള 133-ാമത് ലക്കം കേള്‍വിക്കാര്‍ക്ക് വ്യത്യസ്ത അനുഭവമായി. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, ലേക് ഷോര്‍ ആശുപത്രി, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര എന്നിവ സംയുക്തമായാണ് ജനറല്‍ ആശുപത്രിയില്‍ സംഗീത സാന്ത്വന പരിപാടി സംഘടിപ്പിക്കുന്നത്.

നിര്‍മ്മല രവിനാഥ്, സരിത ജാജില്‍, യഹിയ അസീസ് എന്നിവരാണ് പരിപാടി അവതരിപ്പിച്ചത്. മൂന്നു പേരും സംഗീത രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. നിര്‍മ്മല പാടിയ ‘വെള്ളാരംകുന്നിലേ എന്ന ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. ഇന്നും ഗാനമേളകളിലെ നിറ സാന്നിദ്ധ്യമായ ഒരു പിടി ഗാനങ്ങള്‍ മൂന്നു ഗായകരും കോര്‍ത്തിണക്കി. ചെപ്പു കിലുക്കണ ചങ്ങാതി, ചക്കരപ്പന്തലില്‍, ചില്ലുമേടിയിലിരുന്നെന്നെ, അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തുണ്ട്, തുടങ്ങിയ നിത്യഹരിത ഗാനങ്ങള്‍ ശ്രോതാക്കളെ ആകര്‍ഷിച്ചു.

നാടകഗാന ശാഖയില്‍ 25 വര്‍ഷത്തെ അനുഭവ സമ്പത്തുള്ള ഗായികയാണ് നിര്‍മ്മല രവിനാഥ്. ആകാശവാണിയിലെ ലളിത ഗാന വിഭാഗത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാടകഗാനങ്ങളെ അതിന്റെ ജനപ്രീതി നഷ്ടപ്പെടുത്താതെ സൂക്ഷിക്കുന്നതില്‍ നിര്‍മ്മലയെ പോലുള്ളവരുടെ പങ്ക് വലുതാണ്.

ശാസ്ത്രീയ സംഗീതത്തില്‍ പ്രാവീണ്യം നേടിയിട്ടുള്ള സരിത ജാജില്‍ സംഗീത അധ്യാപിക കൂടിയാണ്. ടിവി പരിപാടികളിലെ നിറസാന്നിദ്ധ്യമായ സരിത വിവിധ സ്റ്റേജ് പരിപാടികളിലും സജീവമാണ്. കൊച്ചി നഗരത്തിലെ പ്രശസ്തനായ ഗായകനാണ് യഹിയ അസീസ്. ടിവി ചാനലുകളിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തു വരുന്നു. ഇതാദ്യമായാണ് നാടകഗാനങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ സംഘടിപ്പിക്കുന്നത്.

​​