രാജ്യാന്തര ലഹരിമരുന്നു മാഫിയയുടെ കണ്ണികളായ വ്യോമസേന ഉദ്യോഗസ്ഥനെയും ശാസ്ത്രജ്ഞനെയും അറസ്റ്റു ചെയ്തു

168

ഹൈദരാബാദ്• രാജ്യാന്തര ലഹരിമരുന്നു മാഫിയയുടെ കണ്ണികളായ വ്യോമസേന ഉദ്യോഗസ്ഥനെയും ശാസ്ത്രജ്ഞനെയും അറസ്റ്റു ചെയ്തു. എയര്‍ഫോഴ്സ് വിങ് കമാന്‍ഡര്‍ രാജശേഖര്‍ റെഡ്ഡി, ബെംഗളൂരു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞന്‍ വെങ്കിട് രാമ റാവു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 230 കോടി രൂപയുടെ 221 കിലോ അംഫെറ്റാമിന്‍ എന്ന ലഹരിമരുന്ന് ഇവരുടെ കൈയില്‍നിന്നു പിടിച്ചെടുത്തു.മഹാരാഷ്ട്രയിലെ നാന്ദെഡില്‍നിന്നാണ് രാജശേഖര്‍ റെഡ്ഡിയെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ഹൈദരാബാദില്‍നിന്ന് ഗോവയിലേക്കു പോകുകയായിരുന്നു ഇയാള്‍. ഏഴു ലക്ഷം രൂപയും അഞ്ച് മൊബൈല്‍ ഫോണും മറ്റു രേഖകളും ഇയാളില്‍നിന്നു പിടിച്ചെടുത്തു. ആഴ്ചകളായി ഇയാള്‍ നര്‍ക്കോട്ടിക്സ് ബ്യൂറോയുടെയും വ്യോമസേന രഹസ്യാന്വേഷണ വിഭാഗത്തിന്റെയും നിരീക്ഷണത്തിലായിരുന്നു.കൂടുതല്‍ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെങ്കട് രാമ റാവു ഈ മാഫിയയിലെ പ്രധാനിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളും റെഡ്ഡിയും സഹപാഠികളായിരുന്നു.ഹൈദരാബാദ് ആണ് ലഹരിമരുന്നു ശൃംഖലയുടെ കേന്ദ്രം. പാര്‍ട്ടികളില്‍ കൂടുതലായും ഉപയോഗിക്കുന്ന ലഹരിമരുന്നാണ് ആംഫെറ്റാമിന്‍. നാഡീവ്യൂഹത്തെ ബാധിക്കുന്ന ഇവ കിലോയ്ക്ക് 18-20 ലക്ഷം രൂപയ്ക്കാണ് വില്‍ക്കുന്നത്.