വയോധിക ദമ്പതികളെ കുത്തിപ്പരുക്കേല്‍പിച്ച്‌ കവര്‍ച്ച നടത്തിയ സംഘം പിടിയില്‍

186

കാസര്‍കോട് • വയോധികരായ ദമ്പതികളെ വീടുകയറി ആക്രമിച്ച്‌ 22 പവനും കാറും 35000 രൂപയും കവര്‍ന്ന സംഭവത്തില്‍ പ്രതികളായ നാലു പേരെ പൊലീസ് പിടികൂടി. മഞ്ചേശ്വരം കുണ്ടുകുളുക്കെ സ്വദേശി മൊയ്തീന്‍ അന്‍സാര്‍ (23), തുമിനാട് സ്വദേശി അബ്ദുല്‍ റഹിമാന്‍ മുബാറക് (26), ഉദ്യാവര്‍ സ്വദേശി മുഹമ്മദ് ഹനീഫ (26), മഞ്ചേശ്വരം ഹമീദ് ക്വാര്‍ട്ടേഴ്സിലെ ഇംതിയാസ് (28) എന്നിവരെയാണ് ഡിവൈഎസ്പി എം.വി. സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കവര്‍ച്ചാ സംഘത്തിലുള്‍പ്പെട്ട രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്.
കഴിഞ്ഞ ഒന്‍പതിന് പുലര്‍ച്ചെ രണ്ടരയോടെ മഞ്ചേശ്വരം കടമ്ബാര്‍ കട്ടയിലെ രവീന്ദ്രനാഥ് ഷെട്ടി (65) ഭാര്യ മഹാലക്ഷ്മി (55) എന്നിവരെ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷമായിരുന്നു സംഘം കവര്‍ച്ച നടത്തിയത്.
കവര്‍ച്ച നടത്തിയ ശേഷം ആറംഗ സംഘം മംഗളൂരുവിലേക്കാണ് പോയത്. മോഷ്ടിച്ച കാര്‍ പനമ്ബൂരില്‍ ഉപേക്ഷിച്ച ശേഷം സംഘം പുത്തൂര്‍, സൂറത്കല്‍ എന്നിവിടങ്ങളിലായി താമസിച്ചു. സ്വര്‍ണാഭരണങ്ങള്‍ വിറ്റ് പണം വീതംവച്ച ശേഷം പ്രതികള്‍ പിന്നീട് നാട്ടിലേക്ക് മടങ്ങി. തെളിവുകളില്ലാത്ത കവര്‍ച്ച കേസില്‍ സംശയമുള്ള ഇരുനൂറോളം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സംഭവ ദിവസം രാവിലെ രവീന്ദ്രനാഥ് ഷെട്ടിയുടെ വീട്ടില്‍ മറ്റൊരാളെ അന്വേഷിച്ചെത്തിയ യുവാവിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
കേസിലെ മുഖ്യപ്രതിയായ മൊയ്തീന്‍ അന്‍സാറിനെ വീട്ടുടമ രവീന്ദ്രനാഥ് ഷെട്ടി തിരിച്ചറിഞ്ഞതോടെയാണ് അന്വേഷണത്തിനു വഴിത്തിരിവുണ്ടായത്. തുടര്‍ന്ന് മറ്റ് മൂന്ന് പ്രതികളെ തലപ്പാടിയില്‍നിന്നും പിടികൂടുകയായിരുന്നു. ഇവരുടെ പക്കല്‍നിന്നും 22000 രൂപ, സ്വര്‍ണമാല, വജ്രമോതിരം എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മറ്റ് സ്വര്‍ണാഭരണങ്ങള്‍ കര്‍ണാടകയില്‍ പലയിടങ്ങളിലായി വിറ്റിട്ടുണ്ടെന്നാണ് പ്രതികള്‍ പൊലീസിനു നല്‍കിയ മൊഴി.പ്രതികള്‍ മാസങ്ങള്‍ക്കു മുന്‍പേ ആസൂത്രണം ചെയ്താണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ പേരില്‍ മുന്‍പ് കേസുകളുണ്ടായിട്ടില്ല. മഞ്ചേശ്വരം കടമ്ബാര്‍ കട്ടയിലെ വീട്ടില്‍ രവീന്ദ്രനാഥ് ഷെട്ടി (65), ഭാര്യ മഹാലക്ഷ്മി (55) എന്നിവര്‍ മാത്രമായിരുന്നു താമസം. വീടിന്റെ താക്കോല്‍ വാതിലിലായിരുന്നു വെച്ചിരുന്നത്. ജനാലയുടെ അരികിലൂടെ താക്കോല്‍ കൈക്കലാക്കിയ നാലംഗ സംഘം വീടിന്റെ രണ്ടാം നിലയിലെ അലമാര കുത്തിത്തുറന്ന് സ്വര്‍ണവും പണവും കൈവശപ്പെടുത്തി. കവര്‍ച്ചക്കാരെകണ്ട് ബഹളംവെക്കാന്‍ ശ്രമിച്ച രവീന്ദ്രനാഥിന്റെ രണ്ടു കൈകള്‍ക്കും വെട്ടേറ്റു. തടയാന്‍ ശ്രമിച്ച ഭാര്യയുടെ കൈക്കും പരുക്കേറ്റു.
പിന്നീട് കത്തികാട്ടി ഭീഷണിപ്പെടുത്തി രവീന്ദ്രനാഥ് ഷെട്ടിയുടെ ഭാര്യയുടെ കയ്യിലുണ്ടായിരുന്ന വളകളും മറ്റു ആഭരണങ്ങളും സംഘം ഊരിവാങ്ങുകയായിരുന്നു. കാറിന്റെ താക്കോല്‍ കൈവശപ്പെടുത്തി കാറുമായാണ് സംഘം കടന്നത്. കവര്‍ച്ചക്കാര്‍ പോയശേഷം രവീന്ദ്രനാഥ് ഷെട്ടി വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. കുമ്ബള സിഐ വി.വി. മനോജ്, മഞ്ചേശ്വരം എസ്‌ഐ പ്രമോദ്, എസ്‌ഐ ഫിലിപ് തോമസ്, എഎസ്‌ഐമാരായ മോഹനന്‍, നാരയണന്‍ നായര്‍, ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടിച്ചത്.

NO COMMENTS

LEAVE A REPLY