കൈക്കൂലി വാങ്ങിയ പൊലീസുകാരനെ വിജിലന്‍സ് പിടികൂടി

195

ആലപ്പുഴ: ആലപ്പുഴയില്‍ പോലീസുദ്യോഗസ്ഥനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. വള്ളികുന്നം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെഎസ് അനില്‍കുമാറാണ് പിടിയിലായത്. വാഹനാപകടക്കേസില്‍ കൈക്കൂലി വാങ്ങിയതിനാണ് നടപടി.
ഇക്കഴിഞ്ഞ പത്താം തീയതി വൈകീട്ട് വള്ളികുന്ന് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ചിരുന്നു. ബൈക്ക് യാത്രക്കാരനായ വള്ളികുന്നം സ്വദേശി സുമേഷിന് കാലിന് ഗുരുതരമായി പരുക്കേറ്റു. ടിപ്പര്‍ ലോറി അപകടം നടന്നതിന് ശേഷം പോലീസ് വിട്ടയച്ചു. ബൈക്ക് പോലീസ് സ്റ്റേഷനില്‍ സൂക്ഷിക്കുകയും ചെയ്തു. പക്ഷേ പോലീസ് കേസെടുക്കാന്‍ തയ്യാറായില്ല. പിന്നീട് പരിക്ക് ഭേദമായതിന് ശേഷം സുമേഷ് ബൈക്ക് വിട്ടുതരണമെന്നാവശ്യപ്പെട്ട് വള്ളികുന്നം പോലീസിനെ സമീപിച്ചു. അപകടം നടന്ന ദിവസം ചുമതലയിലുണ്ടായിരുന്ന വള്ളികുന്നം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസല്‍ കെ എസ് അനില്‍കുമാറിനെയാണ് സുമേഷ് സമീപിച്ചിരുന്നത്. എന്നാല്‍ അനില്‍കുമാര്‍ ബൈക്ക് വിട്ടു കൊടുത്തില്ല. ബൈക്ക് വിട്ടുകിട്ടണമെങ്കില്‍ ആയിരം രൂപ നല്‍കണമെന്ന് സുമേഷിനോട് ആവശ്യപ്പെടുകയായിരുന്നു. നിരന്തരം സ്റ്റേഷനില്‍ കയറിയിറങ്ങിട്ടും ബൈക്ക് കിട്ടാതെ വന്നതോടെ സുമേഷ് വിജിലന്‍സിനെ സമീപിച്ച് കഴിഞ്ഞ ദിവസം പരാതി നല്‍കി. വിജിലന്‍സിന്റെ നിര്‍ദ്ദേശ പ്രകാരം സുഭാഷ് ആയിരം രൂപ കൈക്കൂലിയായി പോലീസുദ്യോഗസ്ഥനായ അനില്‍കുമാറിന് പോലീസ് സ്റ്റേഷനിലെത്തി കൈമാറി. പിന്നാലെയെത്തിയ വിജിലന്‍സ് സംഘം അനില്‍മാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു

NO COMMENTS

LEAVE A REPLY