കൊട്ടാരക്കരയില്‍ ഏഴര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

204

കൊല്ലം: കൊട്ടാരക്കരയില്‍ ഏഴര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ഏഴര കിലോ കഞ്ചാവുമായി ഭാരതിപുരം സ്വദേശി ബിജിലി സലിമിനെ പൊലീസ് പിടികൂടി. ആന്ധ്ര പ്രദേശില്‍ നിന്നുമെത്തിച്ച കഞ്ചാവ് കടത്തുന്നതിനിടയിലാണ് സലീം വലയിലായത്. ഒരാഴ്ചക്കുള്ളില്‍ കൊട്ടാരക്കരയിലെ രണ്ടാമത്തെ വന്‍ കഞ്ചാവ് വേട്ടയാണിത്. അഞ്ചല്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്നും ഷാഡോ പൊലീസ് സംഘമാണ് ബിജിലി സലിമിനെ പിടികൂടിയത്. നേരത്തെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. വിതരണക്കാര്‍ക്ക് എത്തിക്കുന്നതിനായി കൊണ്ടുവന്ന ഏഴര കിലോ കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. ആന്ധ്ര പ്രദേശിലെ ചോളവനം എന്ന സ്ഥലത്ത് നിന്നുമാണ് കഞ്ചാവെത്തിച്ചതെന്നാണ് പ്രതി പറയുന്നത്. ട്രെയിനില്‍ ചെങ്കോട്ടവരെ എത്തിച്ച കഞ്ചാവ് പിന്നീട് വാഹനത്തില്‍ അഞ്ചല്‍ കുളത്തൂപ്പുഴ ഭാഗങ്ങളിലെത്തിച്ച് വിതരണം ചെയ്യാറാണ് പതിവ്. കൊല്ലം ജില്ലയുടെ മലയോര മേഖലയില്‍ കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് സലീം. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നൂറ് കിലോയിലധികം കഞ്ചാവ് ഇയാള്‍ തന്നെ വിതരണം ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അഞ്ചലില്‍ എക്‌സൈസ് സംഘത്തെ അക്രമിച്ച കേസിലും നിരവധി കഞ്ചാവ് കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ഇയാള്‍ക്ക് കഞ്ചാവെത്തിക്കുന്ന സംഘത്തെക്കുറിച്ചും ഇയാളില്‍ നിന്നും കഞ്ചാവ് വാങ്ങുന്നവരെകുറിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം അഞ്ച് കിലോ കഞ്ചാവുമായി മറ്റൊരാളെയും ഷാഡോ പൊലീസ് സംഘം പിടികൂടിയിരുന്നു.

NO COMMENTS

LEAVE A REPLY