ഇസ്താബുളിലെ നിശാ ക്ലബ്ബില്‍ 39 പേരെ വെടിവെച്ചുകൊന്ന പ്രതി പിടിയില്‍

273

ഇസ്താംബുള്‍: തുര്‍ക്കിയിലെ ഇസ്താബുളിലെ നിശാക്ലബില്‍ പുതുവര്‍ഷ ആഘോഷത്തിനിടെ 39 പേരെ വെടിവെച്ചു കൊന്ന സംഭവത്തിലെ പ്രധാനപ്രതി പിടിയില്‍. ഉസ്ബെക്കിസ്ഥാന്‍കാരനായ അബ്ദുള്‍ ഖാദിര്‍ മഷാരിപോവ് എന്നയാളാണ് ഇസ്താംബുളിലെ ഒരു അപ്പാര്‍ട്മെന്റില്‍ നിന്നും പിടിയിലായത്. കൂട്ടക്കൊലയ്ക്ക് ശേഷം പാര്‍പ്പിട മേഖലയില്‍ ഒളിച്ചിരുന്ന ഇയാളെ പോലീസ് നടത്തിയ റെയ്ഡില്‍ പിടികൂടുകയായിരുന്നു. കെട്ടിടസമുച്ചയത്തില്‍ നിന്നും അക്രമിയെ പോലീസ് പിടികൂടുമ്ബോള്‍ ഇയാളോടൊപ്പം നാല് വയസുള്ള മകനും ഉണ്ടായിരുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇയാളോടൊപ്പം നാലുപേരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇസ്താംബുളിലെ റെയ്ന നിശാക്ലബില്‍ നടന്ന വെടിവെപ്പില്‍ രണ്ട് ഇന്ത്യക്കാരടക്കം 39 പേരാണ് കൊല്ലപ്പെട്ടത്. സാന്താക്ലോസിന്റെ വേഷത്തിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം പിന്നീട് ഐഎസ് ഏറ്റെടുത്തിരുന്നു.
അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ അക്രമിയെക്കുറിച്ച്‌ ആശയക്കുഴപ്പമുണ്ടായിരുന്നെങ്കിലും ഏഷ്യയിലെ ഐഎസ് സെല്ലിലുള്ള 34 കാരനായ ഉസ്ബെക് പൗരനാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെട്ടെ അഞ്ച് പേര്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖത്തും ടീഷര്‍ട്ടിലും രക്തം പുരണ്ട നിലയിലുള്ള അക്രമിയുടെ ചിത്രം തുര്‍ക്കി മാധ്യമങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. അബ്ദുള്‍ഗാദിര്‍ മഷാരിപോവ് സിറിയയിലെ ഐഎസ് കേന്ദ്രത്തില്‍വച്ച്‌ വിദഗ്ദ്ധ പരിശീലനം നേടിയ ആളാണ്.

NO COMMENTS

LEAVE A REPLY