സിനിമകളുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്യുന്ന ശൃംഖലയിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു

164

കോയമ്പത്തൂര്‍: റിലീസ് ചെയ്യുന്ന പുതിയ സിനിമകളുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്യുന്ന ശൃംഖലയിലെ പ്രധാനികളായ മൂന്ന് പേരെ ആന്റി പൈറസി വിഭാഗം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ റിലീസ് ചെയ്യുന്ന പുതിയ സിനിമകള്‍ ഇറങ്ങിയാലുടന്‍ വ്യാജപതിപ്പ് ചോര്‍ത്തി ഇവര്‍ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്യും. സമീപകാലത്ത് പുറത്തിറങ്ങിയ നിരവധി ചിത്രങ്ങളുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. തിയേറ്ററുകളില്‍ വന്‍വിജയമായ പുലിമുരുകന്‍റെ വ്യാജ പതിപ്പ് പുറത്തിറക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോള്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
തമിഴ് റോക്കേഴ്സ് വെബ്സൈറ്റ് നടത്തിപ്പുകാരായ സതീഷ്, ശ്രീനി, ഭുവനേഷ് എന്നിവരെ കോയമ്പത്തൂരില്‍ നിന്നാണ് പിടികൂടിയത്.
പുതിയ സിനിമകള്‍ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്യുന്നതിനായി വന്‍ശൃംഖലയാണ് രംഗത്തുള്ളത്. നൂറു കോടി കളക്ഷന്‍ നേടിയ പുലിമുരുകന്‍റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയതിനെതിരെ സംവിധായകനും നിര്‍മ്മാതാവും ആന്റി പൈറസി സെല്ലിനെ സമീപിച്ചിരുന്നു. അറസ്റ്റിലായവര്‍ക്ക് പിന്നില്‍ വന്‍സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര പൈറസി മാഫിയയുമായി ഇവര്‍ക്ക് ബന്ധമുള്ളതായാണ് റിപ്പോര്‍ട്ട്. വൈശാഖ് സംവിധാനം ചെയ്ത മോഹന്‍ ലാല്‍ ചിത്രമായ പുലിമുരുകന്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് അറസ്റ്റിന് വഴിയൊരുക്കിയത്.

NO COMMENTS

LEAVE A REPLY