എടിഎമ്മില്‍ നിറയ്‍ക്കാനായി കൊണ്ടുപോയ പണവുമായി ഡ്രൈവര്‍ കടന്നുകളഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

181

ബംഗളുരുവില്‍ എടിഎമ്മില്‍ നിറയ്‍ക്കാനായി കൊണ്ടുപോയ പണവുമായി ഡ്രൈവര്‍ കടന്നുകളഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഡ്രൈവര്‍ ഡൊമനികിന്റെ ഭാര്യ എവ്‍ലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‍തത്. ഡൊമിനികിനായി കേരളത്തിലുള്‍പ്പെടെ തെരച്ചില്‍ നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് ബംഗളുരുവിലെ എടിഎമ്മില്‍ നിറക്കാനായി കൊണ്ടുപോയ ഒരു കോടി മുപ്പത്തിയേഴ് ലക്ഷം രൂപയടങ്ങിയ വാനുമായി പണം നിറക്കാന്‍ കരാറെടുത്ത സ്വകാര്യ ഏജന്‍സിയുടെ ഡ്രൈവര്‍ കടന്നുകളഞ്ഞത്. ഡ്രൈവര്‍ ഡൊമനിക് മോഷ്ടിച്ച നാല്‍പ്പത്തിയഞ്ച് ലക്ഷം രൂപയും വാഹനവും വസന്ത്നഗറില്‍ കഴിഞ്ഞ ദിവസം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഡൊമനിക് പണവുമായി രക്ഷപ്പെട്ടതിന് പിന്നാലെ ഇയാളുടെ ഭാര്യ എവി‍ലിന്റെ നീക്കങ്ങളും പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. രക്ഷപ്പെടാന്‍ വേറെ വഴിയില്ലെന്ന് വ്യക്തമായതോടെ എഴുപത്തിയൊമ്ബത് ലക്ഷം രൂപയുമായി എവ്‍ലിന്‍ മകനോടൊപ്പം ബാനസവാഡി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പന്ത്രണ്ട് ലക്ഷം രൂപയുമായി ‍ഡൊമനിക് ബംഗളുരു വിട്ടതായാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്കായി കേരളം ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളിലും തെരച്ചില്‍ നടത്തുകയാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.. നാല് സംഘങ്ങളായി തിരിഞ്ഞാണ് ബംഗളുരു പൊലീസിന്റെ അന്വേഷണം.

NO COMMENTS

LEAVE A REPLY