അഞ്ച് വര്‍ഷം കൊണ്ട് 30 കോടി രൂപ തട്ടിയെടുത്ത ഇന്‍വെസ്റ്റ്മെന്‍റ് സൊല്യുഷന്‍ സ്ഥാപനം ഉടമ അറസ്റ്റില്‍

182

ഇരിങ്ങാലക്കുട: അഞ്ച് വര്‍ഷം കൊണ്ട് 30 കോടി രൂപ തട്ടിയെടുത്ത കോണത്തുകുന്നില്‍ ഇന്‍വെസ്റ്റ്മെന്‍റ് സൊല്യുഷന്‍ സ്ഥാപനം ഉടമ സാലിഹ അറസ്റ്റില്‍. തനിക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചതോടെ ദുബായിലേയ്ക്ക് കടന്ന സാലിഹ സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്തയും ഫോട്ടോയും പ്രചരിക്കാന്‍ തുടങ്ങിയതോടെ കേരളത്തിലേയ്ക്ക് തിരിച്ചെത്തുകയായിരുന്നു. ഇതോടെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. എംബിഎ ബിരുദധാരിയായ ഇവര്‍ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തപ്പോള്‍ ലഭിച്ച പരിചയം വഴിയാണ് പുതിയ സ്ഥാപനം തുടങ്ങിയത്. ഇടപാടുകാരില്‍ നിന്ന് തട്ടിച്ച പണം ഉപയോഗിച്ച്‌ തൃശ്ശൂര്‍ നഗരമദ്ധ്യത്തില്‍ ആഡംബര വില്ലയും മറ്റ് പലയിടങ്ങളിലും വീടുകളും സ്വന്തമാക്കിയിരുന്നു. പണം ഉപയോഗിച്ച്‌ വിവിധ വിദേശ രാജ്യങ്ങളും വിനോദ കേന്ദ്രങ്ങളും സന്ദര്‍ശിക്കുകയായിരുന്നു സാലിഹയുടെ രീതിയെന്ന് പോലീസ് പറയുന്നു.
സാലിഹയോടൊപ്പം മാള സ്വദേശിയായ ജെസിന്‍ എന്ന യുവാവും മറ്റ് സഹായികളും ഉണ്ട്. ഇവരും ഉടന്‍ അറസ്റ്റിലാകുമെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇവരുടെ ഫ്ളാറ്റില്‍ കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇവരുടെ തട്ടിപ്പിനിരയായി പരാതി നല്‍കാത്തവര്‍ ഉടന്‍ പോലീസിനെ സമീപിക്കണമെന്ന് സിഐ സുരേഷ് കുമാര്‍ അറിയിച്ചു.