ആറന്മുള വിമാനത്താവള പദ്ധതിയ്ക്കായി പരിസ്ഥിതി പഠനം നടത്താന്‍ കെ ജി എസ് ഗ്രൂപ്പിന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി. കെ ജി എസ് ഗ്രൂപ്പിന്റെ വാദങ്ങള്‍ തൃപ്തികരമെന്ന് വ്യക്തമാക്കിയ മന്ത്രാലയം പദ്ധതിക്കായി പൊതുജനങ്ങളുടെ അഭിപ്രായം തേടണമെന്നും വ്യക്തമാക്കി.
ദില്ലി: ആറന്മുള വിമാനത്താവള പദ്ധതിയ്ക്കായി പരിസ്ഥിതി പഠനം നടത്താന്‍ കെ ജി എസ് ഗ്രൂപ്പിന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി. കെ ജി എസ് ഗ്രൂപ്പിന്റെ വാദങ്ങള്‍ തൃപ്തികരമെന്ന് വ്യക്തമാക്കിയ മന്ത്രാലയം പദ്ധതിക്കായി പൊതുജനങ്ങളുടെ അഭിപ്രായം തേടണമെന്നും വ്യക്തമാക്കി. മന്ത്രാലയം തയ്യാറാക്കിയ മിനിറ്റ്‌സിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
ഇക്കഴിഞ്ഞ ജൂലായ് 29, 30 തീയതികളിലായി ചേര്‍ന്ന കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ വിദഗ്ധ സമിതിയാണ് ആറന്മുള വിമാനത്താവള പദ്ധതിക്കായി കെ.ജി.എസ് ഗ്രൂപ്പ് സമര്‍പ്പിച്ച പുതിയ അപേക്ഷ പരിഗണിച്ചത്. അപേക്ഷയില്‍ കെ.ജി.എസ് ഗ്രൂപ്പ് മുന്നോട്ടുവെച്ച വാദങ്ങള്‍ വിദഗ്ധ സമിതി അംഗീകരിച്ചു. പദ്ധതിയുടെ പരിഗണനാ വിഷയങ്ങള്‍ വിപുലീകരിച്ച സമിതി പദ്ധതിക്കായി കെ.ജി.എസ് ഗ്രൂപ്പിന് പാരിസ്ഥിതിക ആഘാത പഠനം നടത്താന്‍ അനുമതി നല്‍കി. പദ്ധതിയുടെ ആവശ്യകതയെ കുറിച്ച് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടണമെന്നും വിദഗ്ധ സമിതി തയ്യാറാക്കിയ മിനിറ്റ്‌സ് നിര്‍ദ്ദേശിക്കുന്നു. പദ്ധതി സംബന്ധിച്ച വിശദമായ പരിസ്ഥിതി മാനേജുമെന്റ് പ്‌ളാന്‍ തയ്യാറാക്കണം. പദ്ധതിക്കെതിരെ കോടതികളില്‍ കേസുകള്‍ ഉണ്ടെങ്കില്‍ അക്കാര്യം അറിയിക്കണമെന്നും വിദഗ്ധ സമിതി നിര്‍ദ്ദശിച്ചു. ആറന്മുള പദ്ധതിക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകാരം നല്‍കിയതാണെന്ന കെ.ജി.എസിന്റെ വാദം വിദഗ്ധ സമിതി അംഗീകരിച്ചു. പദ്ധതിയുടെ പാരിസ്ഥിതി അനുമതി റദ്ദാകാനുണ്ടായ സാഹചര്യവും വിദഗ്ധ സമിതി പരിശോധിച്ചു. കെ.ജി.എസ് ഗ്രൂപ്പിന്റെ അപേക്ഷ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നല്‍കിയ അപേക്ഷ വിദഗ്ധ സമിതി തള്ളി. വലിയ എതിര്‍പ്പുകളെ മറികടന്നാണ് കെ.ജി.എസ് ഗ്രൂപ്പിന്റെ അപേക്ഷയ്ക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം നല്‍കിയിരിക്കുന്നത്.