നിയമവിരുദ്ധമായി വാണിജ്യാടിസ്ഥാനത്തില്‍ ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കുന്നത് ഇന്ത്യയില്‍ വന്‍ വ്യവസായമായി വളര്‍ന്നിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അനുപ്രിയ പട്ടേല്‍

193

ന്യൂഡല്‍ഹി• നിയമവിരുദ്ധമായി വാണിജ്യാടിസ്ഥാനത്തില്‍ ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കുന്നത് ഇന്ത്യയില്‍ വന്‍ വ്യവസായമായി വളര്‍ന്നിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അനുപ്രിയ പട്ടേല്‍. ഇന്ത്യന്‍ സ്ത്രീകളെ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ഫാക്ടറികളാക്കാന്‍ അനുവദിക്കില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ പലകുറി വ്യക്തമാക്കിയിട്ടും രണ്ടു ബില്യന്‍ യുഎസ് ഡോളര്‍ വിലമതിക്കുന്ന വ്യവസായമായി ഇതു വളര്‍ന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വാടക ഗര്‍ഭധാരണത്തിലൂടെ ജന്മമെടുക്കുന്ന കുട്ടികളെ ഉപേക്ഷിക്കുന്ന രീതി വ്യാപകമായതോടെ ഇതു കുട്ടികള്‍ക്കെതിരായ കുറ്റകൃത്യമായിക്കൂടി മാറിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതിനു മറ്റൊരു മാര്‍ഗവും ഫലപ്രദമല്ലെന്നു വരുമ്ബോള്‍ ഏറ്റവും ഒടുവിലത്തെ മാര്‍ഗമായി സ്വീകരിക്കേണ്ടതാണ് വാടക ഗര്‍ഭധാരണം.എന്നാല്‍, ഇതൊരു വ്യവസായമായി വളരാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
വാണിജ്യാടിസ്ഥാനത്തില്‍ ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കുന്നതു പൂര്‍ണമായും നിരോധിക്കുന്ന വാടക ഗര്‍ഭപാത്ര (നിയന്ത്രണ) ബില്ലിനു കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു.