മതവിഷയം – ഉപയോഗിച്ച എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയോട് കളക്ടര്‍ അനുപമ വിശദീകരണം ചോദിച്ചത് വിവാദത്തിലേക്ക് .

351

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിലക്കിയിട്ടും മതവിഷയം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ച എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയോട് തൃശൂര്‍ കളക്ടര്‍ അനുപമ വിശദീകരണം ചോദിച്ചത് സംസ്ഥാനത്ത് വിവാദമായിരിക്കുകയാണ്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എക്കാലവും എടുത്തിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥയാണ് അനുപമ ഐ.എ.എസ്. അതിനാല്‍ തന്നെ സോഷ്യല്‍മീഡിയയിലടക്കം അവര്‍ക്ക് മികച്ച പിന്തുണയുമായി പതിനായിരങ്ങള്‍ രംഗത്തുണ്ട്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അനുപമയ്‌ക്കെതിരെ ഫേസ്ബുക്കിലടക്കം വിമര്‍ശനവുമായി ബി.ജെ.പി അണികളും രംഗത്ത് വന്നിട്ടുണ്ട്. ഇതിനിടയില്‍ അനുപമയുടെ ജാതിയും മതവും പേരും കൂട്ടി ചേര്‍ത്ത് വിമര്‍ശക്കുന്നവരും രംഗത്തെത്തി.
ഈ അവസരത്തില്‍ ഈ ജാതിയും മതവും പേരും കൂട്ടി ചേര്‍ത്ത് പറഞ്ഞുള്ള ഈ പേരുവിളിയുടെ തുടക്കം എവിടെയാണ് എന്ന് നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ… എന്ന് ചോദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരിക്കുകയാണ് മാദ്ധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവല്‍.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തൃശൂര്‍ ജില്ലാ കളക്ടര്‍ അനുപമയെ ഇന്ന് ചിലര്‍ വിളിക്കാന്‍ ആഗ്രഹിക്കുന്നതു ക്ളിന്‍സണ്‍ ജോസഫ് അനുപമ..!

ഈ ജാതിയും മതവും പേരും കൂട്ടി ചേര്‍ത്ത് പറഞ്ഞുള്ള ഈ പേരുവിളിയുടെ തുടക്കം എവിടെയാണ് എന്ന് നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ..?

2002 ഗുജറാത്ത് കലാപം. അതായതു ഗുജറാത്ത് “കാര്‍ണേജ്”. ആയിരങ്ങള്‍ കൊല്ലപ്പെട്ടു. മൈനോറിറ്റി വിഭാഗത്തിലെ മുസ്‌ലിം ജനത ജീവരക്ഷക്ക് വേണ്ടി പലയിടത്തും പലായനം ചെയ്യുന്നു. മോദിയാണ് മുഖ്യമന്ത്രി. കലാപത്തിന് തൊട്ടു മുന്‍പ് അവിടെ ബിജെപിയില്‍ വിഭാഗീയ കൂടിയപ്പോള്‍ രണ്ടു മുഖ്യമന്ത്രിമാരെ കേന്ദ്രനേതൃത്വം മാറ്റി. കേശുഭായി പട്ടേലിനെയും ശങ്കര്‍ സിംഗ് വഗേലയും. ആരും പ്രതീക്ഷിക്കാതെ മോദി മുഖ്യനായി വന്നു. എല്‍ കെ അദ്വാനിയാണ് അതിനു മുന്‍കൈ എടുത്തത്.

കലാപം പൂര്‍ണമായും ശമിച്ചിട്ടില്ല. അതിലെ ഇരകള്‍ തിരികെ അവരുടെ വീട്ടില്‍ തിരികെ വന്നിട്ടില്ല. ഒമ്ബതുമാസം കൂടി ആയുസുള്ള ബിജെപി മന്ത്രിസഭാ മോഡി പിരിച്ചുവിടുന്നു. ഇലക്ഷന്‍ പ്രഖ്യാപിക്കാന്‍ ഗവര്‍ണറോട്‌ ശുപാര്‍ശ ചെയ്യുന്നു. അന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ജെഎം ലിഗ്‌ദോ ആ തീരുമാനം തള്ളി. ഇപ്പോള്‍ ഇലക്ഷന്‍ നടത്താന്‍ കഴിയില്ല. അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി എല്‍.കെ അദ്വാനിയും മോദിയെ പിന്താങ്ങി. പ്രധാനമന്ത്രി വാജ്‌പോയി ലിഗ്‌ദോയുടെ തീരുമാനത്തെ അനുകൂലിച്ചു. അന്ന് മോദി നടത്തിയ ഒരു റാലിയിലെ ഒരു പ്രസംഗത്തില്‍ ലിഗ്‌ദോയെ വിളിച്ചത് “ജെയിംസ് മൈക്കല്‍ ലിഗ്‌ദോ” എന്നാണ്. അയാള്‍ ഒരു ക്രിസ്ത്യാനിയായതുകൊണ്ടാണ് ഇലക്ഷനെ എതിര്‍ക്കുന്നത് എന്നും. അതിനു ലിഗ്‌ദോ കൊടുത്ത മറുപടി ദൈവത്തെ വിശ്വസിക്കാതെ മനുഷ്യരും ലോകത്തുണ്ട് അതില്‍ ഒരാളാണ് ഞാനെന്ന്!

ലിഗ്‌ദോ ഷില്ലോങ് സ്വദേശിയാണ്. ഒരു റിട്ടയേര്‍ഡ് ജില്ലാ ജഡ്ജിന്റെ മകന്‍. ലീഗ്‌ദോയുടെ തീരുമാനം പിന്നീട് സുപ്രീംകോടതിയും ശരിവെച്ചു. അദ്ദേഹം 2004 എഴുതിയ ഒരു മനോഹരമായ പുസ്തകമുണ്ട്-“Chronicle of An Impossible Election”. അത് കയ്യില്‍ കിട്ടിയാല്‍ വായിക്കാന്‍ ശ്രമിക്കുക. ഈ നടന്നതെല്ലാം ഇതില്‍ വ്യക്തമായി പറയുന്നുണ്ട്. ഇന്ന് എവിടെ പോയി അദ്വാനി? കുപ്പാ തൊട്ടിയില്‍. കാവ്യാത്മമായി സമയം പ്രതികരിച്ചു..!

മോദിയുടെ അതേ ശൈലി ഭക്തര്‍ അനുപമയ്ക്ക് എതിരെയും ഉപയോഗിക്കുന്നു ..!

NO COMMENTS