അന്ത്യോദയ: സൗജന്യ ഭക്ഷ്യധാന്യം മറ്റു വിഭാഗങ്ങളിലേക്ക് മാറ്റിനൽകാനാവില്ല – സിവിൽ സപ്ലൈസ് ഡയറക്ടർ

171

അന്ത്യോദയ അന്നയോജന വിഭാഗത്തിൽ സൗജന്യമായി വിതരണം ചെയ്യുന്ന 35 കിലോ ഭക്ഷ്യധാന്യം മറ്റു വിഭാഗങ്ങളിലേക്ക് മാറ്റിനൽകാൻ കഴിയില്ലെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. ഇതുപോലെ മുൻഗണനാ വിഭാഗത്തിന് അനുവദിച്ചിട്ടുളള ഭക്ഷ്യധാന്യവും മറ്റു വിഭാഗങ്ങളിലേക്ക് മാറ്റാൻ കഴിയില്ല. ഇതുസംബന്ധിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും ഡയറക്ടർ അറിയിച്ചു.

മുൻഗണനാ പട്ടികയുടെ ശുദ്ധീകരണത്തിന്റെ ഭാഗമായി ഫീൽഡ് തല പരിശോധനകൾ നടത്തി. 3,16,960 കൂടുംബങ്ങളെ അനർഹരാണെന്ന് കണ്ടെത്തി പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അർഹതപ്പെട്ട കുടുംബങ്ങളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. മുൻഗണനാ പട്ടികയുടെ ശുദ്ധീകരണം തുടർപ്രക്രിയയായതിനാൽ ഫീൽഡ് തല പരിശോധനകൾ തുടരുന്നു.

മൂന്നു മാസമായി റേഷൻ വാങ്ങാത്തവരുടെയും ഒരംഗം മാത്രമുളള കാർഡുകളുടെയും പട്ടിക ഫീൽഡ് തല പരിശോധനകൾക്ക് നൽകുന്നുണ്ട്. ഇതിൽ അനർഹരാണെന്നു കണ്ടെത്തുന്ന കുടുംബങ്ങൾക്കു പകരം അർഹരായ കുടുംബങ്ങളെ ഉൾപ്പെടുത്തുന്ന നടപടികൾ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പ്രതിവർഷം 14.25 ലക്ഷം മെ.ടൺ ഭക്ഷ്യധാന്യമാണ് കേന്ദ്രം അനുവദിച്ചുവരുന്നത്. റേഷൻ വിതരണം സുതാര്യവും കാര്യക്ഷമവുമായി നടക്കുന്നു. പോർട്ടബിലിറ്റി സൗകര്യം ലഭ്യമാക്കിയതോടെ മുൻഗണനാ വിഭാഗങ്ങൾക്കുളള റേഷൻ സാധനങ്ങളുടെ 95 ശതമാനത്തോളം പ്രതിമാസ വിനിയോഗമുണ്ടാകുന്നുണ്ടെന്നും ഡയറക്ടർ അറിയിച്ചു.

NO COMMENTS