പണി തന്ന മൊബൈല്‍ മൈക്രോമാക്സിന്റേതെങ്കില്‍ കോടതയില്‍ പോയിട്ടും കാര്യമില്ല! പോത്തസിലെ ഇന്‍ഷുറന്‍സിനെ കുറിച്ച്‌ ആക്ഷേപം മാത്രം; സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങി വഞ്ചിക്കപ്പെടുന്നവരുടെ പരാതികള്‍ ഇങ്ങനെ

205

തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന സമീപനമാണ് മിക്ക വന്‍കിട കച്ചവടക്കാരില്‍ നിന്നും ഉണ്ടാകാറുള്ളത്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ പെരുകി വരുന്ന പരാതികള്‍. മിക്ക വന്‍കിട കമ്ബനികളും ഉപഭോക്താവിനാണ് പ്രാധാന്യം എന്ന മട്ടില്‍ പരസ്യങ്ങള്‍ അനവധി വിപണിയിലെത്തിക്കുന്നുണ്ടെങ്കിലും ഇത്തരം വാചകങ്ങള്‍ മിക്കപ്പോഴും പരസ്യങ്ങളില്‍ മാത്രം ഒതുങ്ങുന്നു എന്നതാണ് വാസ്തവം.
പരസ്യങ്ങളില്‍ പറയുന്ന പോലെയുള്ള സേവനങ്ങളോ ഗുണനിലവാരമോ ഒന്നും തന്നെ ഭൂരിഭാഗം ഉപഭോക്താക്കള്‍ക്കും ലഭിക്കുന്നില്ല. പരസ്യങ്ങള്‍ക്കായി ലക്ഷങ്ങള്‍ പൊട്ടിക്കുന്ന ഇത്തരം കമ്ബനികള്‍ ഉപഭോക്താവിന്റെ നിസാര പരാതികള്‍ക്ക്പോലും ചെവികൊടുക്കാറില്ല എന്നതാണ് ഇത്തരം പരാതികളില്‍ നിന്നും വ്യക്തമാകുന്നത്.1986ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ ഉപഭോക്തൃ സംരക്ഷണ നിയമം നിലനില്‍ക്കുമ്ബോഴും കോടതി നടപടികളിലേക്ക് ഉപഭോക്താവ് പോയാല്‍ മാത്രമേ കുറച്ചെങ്കിലും നീതി ലഭിക്കുകയുള്ളു എന്ന അവസ്ഥയാണ്. ഉപഭോക്താവിനെതിരെയുള്ള ചൂഷണം തടയുക, ഉല്‍പ്പന്നത്തിന്റെ വില, ഗുണനിലവാരം, അളവ് എന്നിവ കൃത്യമായിരിക്കുക തുടങ്ങിയവ ഉറപ്പു വരുത്തുക എന്നതാണ് ഉപഭോക്തൃ സംരക്ഷണ നിയമം ലക്ഷ്യം വെക്കുന്നത്.
ഉപഭോക്താവ് നിയമനടപടിയുമായി മുന്നോട്ട് പോയാല്‍ നീതി ലഭിക്കുന്നു. അതായത് നിയമ നടപടികളുടെ നൂലാമാലകളില്‍ പെട്ട് സമയം പാഴാക്കാന്‍ തയ്യാറല്ലെന്ന സമൂഹത്തിന്റ പൊതുവായ മനോഭാവത്തെയാണ് വന്‍കിട കച്ചവടക്കാര്‍ മുതലെടുക്കുന്നത് എന്ന് വളരെ എളുപ്പം ആര്‍ക്കും മനസ്സിലാകും. ഡിജിറ്റല്‍ യുഗത്തില്‍ ജീവിക്കുന്ന നാമേവരേയും സംബന്ധിച്ചിടത്തോളം സ്മാര്‍ട്ട് ഫോണില്ലാതെ ജീവിക്കാനാകില്ല എന്ന അസ്ഥയാണ് നിലവിലുള്ളത്. വിവിധ കമ്ബനികളുടെ അനേകം ബ്രാന്റുകള്‍ വിപണിയില്‍ സജീവവുമാണ്. എന്നാല്‍ ഫോണ്‍ വില്‍ക്കുന്ന സമയത്ത് കസ്റ്റമറിനോട് കാണിക്കുന്ന അനുഭാവമൊന്നും പിന്നീട് അതേ ഫോണ്‍ സര്‍വീസിന് നല്‍കുമ്ബോള്‍ ലഭിക്കില്ല. സ്മാര്‍ട്ഫോണുകള്‍ സംബന്ധിച്ചാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ ഏറ്റവും അധികം പരാതികള്‍ ലഭിക്കുന്നതെന്നാണ് വിവരാവകാശ രേഖകള്‍.
മറുനാടനു ലഭിച്ച രേഖകള്‍ പ്രകാരം കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിനു മുന്‍പാകെ നാല്‍പതോളം പരാതികളാണ് സ്മാര്‍ട്ട് ഫോണുകളുമായി ബന്ധപ്പെട്ട് ലഭിച്ചിരിക്കുന്നത്. ഇതില്‍ തന്നെ 25 പരാതികളാണ് കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഇന്ത്യന്‍ കമ്ബനിയായ മൈക്രോമാക്സിനെതിരെ ഫോറത്തിനു മുന്‍പാകെ ലഭിച്ചത്. ഇതില്‍ ഭൂരിഭാഗവും മൈക്രോമാക്സിന്റെ സേവനങ്ങളെ കുറിച്ചുള്ള പരാതികളാണ്. എന്നാല്‍ ഇത്രയധികം കേസുകള്‍ കമ്ബനിക്കെതിരെ ഉണ്ടായിട്ടും ഒരു കേസില്‍പ്പോലും ഫോറത്തിനു മുമ്ബാകെ കമ്ബനി ഹാജരായിട്ടില്ല. സാംസങ്ങ് ഫോണുകള്‍ക്കെതിരെ 13 പരാതികളാണ് ഇതേ കാലയളവില്‍ ലഭിച്ചത്. ഇതില്‍ മൂന്നെണ്ണം മാത്രമാണ് ഒത്ത്തീര്‍പ്പാക്കിയത്.
സ്മാര്‍ട്ഫോണുകള്‍ വാങ്ങി തൊട്ടടുത്ത ദിവസം തന്നെ ഉപയോഗ ശൂന്യമായതിനു പോലും കാശ് മുടക്കി സര്‍വീസ് ചെയ്യേണ്ടി വന്നതു മുതല്‍ ഫോണിന്റെ വാറന്റി കാലാവധി തീരുന്നതുവരെ ഫ്രീ സര്‍വീസ് മുടക്കുന്നതിനായി മൂന്നു മാസത്തോളം റിപ്പയര്‍ വൈകിപ്പിച്ച്‌ ഫോണ്‍ സര്‍വീസ് സെന്ററില്‍ സൂക്ഷിച്ചതായും പരാതികളുണ്ട്. മൊബൈല്‍ വാങ്ങുന്നതിനൊപ്പം ഇല്ലാത്ത ഓഫറിന്റെ പേരില്‍ മൊബൈല്‍ ഫോണ്‍ ഇന്‍ഷുറന്‍സ് വില്‍ക്കുന്ന വാര്‍ത്ത നേരത്തെ മറുനാടന്‍ മലയാളി പുറത്തുകൊണ്ട് വന്നിരുന്നു.
തിരുവനന്തപുരം എംജി റോഡിലെ പോത്തീസ് ഷോപ്പിങ് സെന്ററിലാണ് വ്യാജ ഇന്‍ഷുറന്‍സ് ഉപഭോക്താക്കലെ അടിച്ചേല്‍പ്പിച്ചിരുന്നത്. പതിനഞ്ചോളം പരാതികളാണ് പോത്തീസിനെതിരെ ലഭിച്ചത്. പോത്തീസില്‍ നിന്നും വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്ന പരാതിയാണ് ഫോറത്തിനുമുന്‍പാകെ ലഭിച്ചവയില്‍ അധികവും. നല്‍കുന്ന വിലയ്ക്കോ പറയപ്പെടുന്ന സേവനങ്ങള്‍ നടപ്പാക്കുന്നതിലോ പോത്തീസ് ശ്രദ്ധിക്കാറില്ലെന്ന പരാതികളും വ്യാപകമാണ്.
സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉള്‍പ്പടെ വിവിധ കമ്ബനികളുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് കമ്ബനികളുടെ പേരില്‍ 26 കേസുകളാണ് ഫയല്‍ ചെയ്തിട്ടുള്ളത്. ഇന്‍ഷുറന്‍സ് കമ്ബനികള്‍ക്കെതിരെ അഭിഭാഷകരുള്‍പ്പടെയുള്ളവരാണ് ഫോറത്തെ സമീപിച്ചത്.ടെലിവിഷന്‍ ഉള്‍പ്പടെയുള്ള ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങള്‍ വാറന്റി കാലാവധി അവസാനിച്ച്‌ മാസങ്ങള്‍ക്കുള്ളില്‍ വാങിയ വിലയുടെ 70%നു മുകളില്‍ ആവശ്യപ്പെടുകയും നിയമനടപടിക്കൊരുങ്ങിയപ്പോള്‍ യഥാര്‍ഥ നിരക്കില്‍ ശരിയാക്കി നല്‍കിയ വാര്‍ത്തയും നേരത്തെ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നൂലാമാലകളെ ഭയന്ന് പ്രതികരിക്കാതിരിക്കുന്ന സമൂഹമാണ് ഇത്തരം അനീതികള്‍ നടത്താന്‍ കമ്ബനികള്‍ക്ക് പ്രചോദനമാകുന്നത്. പ്രതികരിക്കുകയെന്നത് മാത്രമാണ് ഇത്തരം അനീതികള്‍ ഒഴിവാക്കാനുള്ള ഏക മാര്‍ഗം.
Dailyhunt