എസ്‌പി തെരേസ ജോണ്‍ നടത്തിയ റെയ്ഡിന്റെ പേരില്‍ സൃഷ്‌ടിച്ചത് വ്യാജവാര്‍ത്ത; ആനാവൂര്‍ നാഗപ്പന്‍

232

തിരുവനന്തപുരം : സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ എസ്‌പി തെരേസ ജോണ്‍ നടത്തിയ റെയ്ഡിന്റെ പേരില്‍ സൃഷ്‌ടിച്ചത് വ്യാജവാര്‍ത്തയാണെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. റെയ്‌ഡ് നടത്താനെത്തിയ എസ്‌പിയെ ആനാവൂര്‍ നാഗപ്പന്‍ വിരട്ടിയെന്നായിരുന്നു മനോരമ നല്‍കിയ വാര്‍ത്ത. എന്നാല്‍ സംഭവം നടക്കുമ്ബോള്‍ അസുഖബാധിതനായി കാരക്കോണം ആശുപത്രിയിലെ ചികിത്സക്ക് ശേഷം വീട്ടില്‍ കഴിയുകയായിരുന്നു താനെന്ന് അദ്ദേഹം പറഞ്ഞു. തന്നെക്കുറിച്ചൊരു വാര്‍ത്ത കൊടുക്കുമ്ബോള്‍ തന്നോട് ചോദിച്ച്‌ നിജസ്ഥിതി മനസിലാക്കാനുള്ള സാമാന്യ മര്യാദ പോലും മനോരമ കാട്ടിയില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

പ്രാദേശികമായി നടന്ന ഒരു പ്രശ്‌നത്തിന്റെ പേരിലാണ് നിയമവിരുദ്ധമായി ജില്ലാ കമ്മിറ്റി ഓഫീസിനകത്ത് കയറി റെയ്‌ഡ് നടത്താന്‍ എസ്‌പി തെരേസ ജോണ്‍ എത്തിയത്. വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാന്‍ മാത്രം താല്‍പര്യമുള്ളയാളാണ് ആ പൊലീസ് ഉദ്യോഗസ്ഥ. റെയ്‌ഡ് നാടകം നടത്താന്‍ തയ്യാറായ പൊലീസ് ഉദ്യോഗസ്ഥയെ ന്യായീകരിക്കാന്‍ വേണ്ടിയാണ് മനോരമ താനവരെ വിരട്ടിയെന്നെല്ലാമുള്ള കള്ള പ്രചരണം നടത്തുന്നത്. കമ്യൂണിസ്റ്റ് വിരുദ്ധ നിലപാട് തുടരുന്ന മനോരമ കേവലം മഞ്ഞപ്പത്രമായി മാറിയെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

ആനാവൂര്‍ നാഗപ്പന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

നിജസ്ഥിതി മനസ്സിലാക്കാതെ സിപിഐ എമ്മിന് എതിരായി കിട്ടുന്ന ഏത് വടിയുമെടുത്തടിക്കുന്ന മനോരമയുടെ അന്ധമായ കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാട് ഒരിക്കല്‍ കൂടി തെളിയുന്നു.പ്രാദേശികമായി നടന്നൊരു വിഷയത്തില്‍ പ്രതിയെ പിടിക്കാന്‍ പോലീസ് സി.പി.ഐ(എം)ന്റെ ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറേണ്ട കാര്യമില്ല. അങ്ങനെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറുന്നത് മര്യാദകെട്ട നടപടിയാണ്. ആ പോലീസുദ്യോഗസ്ഥയെ ഞാന്‍ വിരട്ടിയിട്ടില്ല. ഈ സംഭവം നടക്കുന്ന സമയം അസുഖമായി കാരക്കോണം ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് ഞാന്‍ വീട്ടിലാണ്. അതു കൊണ്ട് തന്നെ ഞാനവിടെ ഉണ്ടായിരുന്നില്ല.

നിയമവിരുദ്ധമായി ഓഫീസിനകത്ത് കടന്നു കയറി റെയ്ഡ് നാടകം നടത്താന്‍ തയ്യാറായ പോലീസ് ഉദ്യോഗസ്ഥയെ ന്യായീകരിക്കാന്‍ വേണ്ടിയാണ് മനോരമ ഞാനവരെ വിരട്ടിയെന്നെല്ലാമുള്ള കള്ള പ്രചരണം നടത്തുന്നത്. എന്റെ ഫോട്ടോ ഉള്‍പ്പടെ ഉപയോഗിച്ചാണ് വസ്‌തുതകള്‍ക്ക് നിരക്കാത്ത ഈ വാര്‍ത്ത ചമച്ചിരിയ്ക്കുന്നത്. എന്നെ കുറിച്ചൊരു വാര്‍ത്ത പ്രസിദ്ധീകരിക്കുമ്ബോള്‍ എന്നൊടൊന്ന് ചോദിച്ച്‌ നിജസ്ഥിതി മനസ്സിലാക്കാനുള്ള സാമാന്യ മര്യാദ പോലും മനോരമ പുലര്‍ത്തിയില്ല. സി.പി.ഐ.എം ന് നേര്‍ക്കുള്ള അവരുടെ പത്രധര്‍മ്മത്തിന്റെ രീതി ഇതാണ്. ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകളിലൂടെ ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താമെന്നും പാര്‍ട്ടിയുടെ ശോഭ കെടുത്താന്‍ സാധിക്കുമെന്നും മനോരമ കരുതരുത്.

നിയമസഭാ സമ്മേളനം ചേരുന്നതിന്റെ തലേ ദിവസം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്‌ഡ് നടത്താന്‍ തയ്യാറായ പോലീസ് ഉദ്യോഗസ്ഥ ഒരു വാര്‍ത്ത സൃഷ്ടിക്കുക എന്ന ലക്ഷ്യം വച്ച്‌കൊണ്ട് നടത്തിയതാണ്. നിയമസഭയില്‍ പ്രതിപക്ഷത്തിന് വര്‍ത്തമാനം പറയാനൊരു അവസരം നല്‍കാന്‍ ഒരു വടിയുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമമാണവര്‍ നടത്തിയത് എന്നാണ് ഞാന്‍ കരുതുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥ ചെയ്യാന്‍ പാടില്ലാത്തതാണ്. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ ഞങ്ങള്‍ പെടുത്തിയിട്ടുണ്ട്. ആവശ്യമായ കര്‍ശന നടപടി ഉണ്ടാകും എന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. മനോരമ സ്ഥിരമായി സി.പി.ഐ(എം) ന് എതിരായി നടത്തുന്ന കലാപരിപാടി ഇവിടെയും നടത്തിയിരിക്കുകയാണ്. ഏതെങ്കിലും സോഴ്‌സില്‍ നിന്ന് ലഭിക്കുന്ന തെറ്റായ സൂചനകള്‍ ഉപയോഗിച്ച്‌ പാര്‍ട്ടിയെ തരം താഴ്ത്താനും ബ്യൂറോക്രാറ്റുകള്‍ക്ക് വീരപരിവേഷം നല്‍കാനും മുതലാളിത്ത മാധ്യമങ്ങള്‍ എപ്പോഴും ശ്രമിക്കാറുണ്ട്. അത്തരത്തിലുള്ള തരംതാണ വാര്‍ത്താ നിര്‍മിതി മാത്രമാണ് ഇത്. ഇത്തരം വ്യാജ വാര്‍ത്താ നിര്‍മിതികളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് ഏവരോടും അഭ്യര്‍ത്ഥിക്കുന്നു.

NO COMMENTS