അമേരിക്കന്‍ ജനത ഇന്നു വിധിയെഴുതും; ട്രംപോ ഹിലറിയോ?

198

ഹിലറി ക്ലിന്റനോ ഡോണള്‍‍ഡ് ട്രംപോ? അമേരിക്കന്‍ ജനത ഇന്നു വിധിയെഴുതും. യുഎസിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വിവാദം നിറഞ്ഞതും കടുപ്പമേറിയതുമായ തിരഞ്ഞെടുപ്പില്‍ ഇന്നാണു വോട്ടെടുപ്പ്. നാളെ രാത്രിയോടെ ഫലം വന്നു തുടങ്ങും. ഹിലറി ക്ലിന്റന്‍ ജയിച്ചാല്‍ അവര്‍ അമേരിക്കയുടെ ആദ്യ വനിതാപ്രസിഡന്റാകും.

• ഹിലറി ക്ലിന്റനെതിരായ ഇ-മെയില്‍ കേസില്‍ കഴമ്ബില്ലെന്നും ക്രിമിനല്‍ നടപടിക്കു വകുപ്പില്ലെന്നും എഫ്ബിഐ ഇന്നലെ പ്രഖ്യാപിച്ചു. പ്രചാരണത്തിന്റെ അവസാനദിനം ഹിലറിക്കു വലിയ ആശ്വാസമേകുന്ന താണ് ഈ വെളിപ്പെടുത്തല്‍.
• അട്ടിമറിക്കപ്പെട്ട സംവിധാനമാണു ഹിലറിയെ സംരക്ഷിക്കുന്നതെന്ന് ട്രംപ്. ഹിലറിയുടെ ആറരലക്ഷം ഇമെയിലുകള്‍ ഒരാഴ്ച കൊണ്ട് എഫ്ബിഐ പരിശോധിച്ചുവെന്നു പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കുമെന്നും ട്രംപ്.

• ഫൈവ്തേട്ടിഎയ്റ്റ്. കോം സൈറ്റിന്റെ സര്‍വേയില്‍ ഹിലറി ജയിക്കാന്‍ 65.3 % സാധ്യത. ട്രംപിന് 36.4% സാധ്യത മാത്രം. ഹിലറിക്ക് 291.9 ഇലക്ടറല്‍ വോട്ടുകളും ട്രംപിന് 245.3 വോട്ടുകളും ലഭിക്കുമെന്നു പ്രവചനം. (ജയിക്കാന്‍ വേണ്ടത് 270 വോട്ട്) ജനകീയ വോട്ടില്‍ 48.3 % ഹിലറിക്കും 45.4 % ട്രംപിനും. ഇടയ്ക്കുണ്ടായ പതര്‍ച്ച ഹിലറി മറികടന്നുവെന്നും ലീഡ് സ്ഥിരപ്പെടുത്തിയെന്നും സര്‍വേ.
• സ്ത്രീകളും ന്യൂനപക്ഷങ്ങളും ഹിലറിക്കൊപ്പം. വെള്ളക്കാരും പുരുഷന്മാരും ട്രംപിനെ പിന്തുണയ്ക്കുന്നുവെന്നു റിപ്പോര്‍ട്ട്
• സെനറ്റിലേക്കും കോണ്‍ഗ്രസിലേക്കുമായി ആറ് ഇന്ത്യന്‍ വംശജര്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്കായി മല്‍സരരംഗത്ത്. പ്രമീള ജയപാലും പീറ്റര്‍ ജേക്കബും മലയാളികള്‍.
• പ്രസിഡന്റ് സ്ഥാനത്തേക്കു മല്‍സരിക്കുന്ന മറ്റു പ്രധാന സ്ഥാനാര്‍ഥികള്‍: ഗാരി ജോണ്‍സണ്‍ (ലിബര്‍ട്ടേറിയന്‍ പാര്‍ട്ടി), ജില്‍ സ്റ്റെയ്ന്‍ (ഗ്രീന്‍ പാര്‍ട്ടി), ഇവാന്‍ മക്മുള്ളിന്‍ (സ്വതന്ത്രന്‍)
• വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍: ഡമോക്രാറ്റ് – ടിം കെയ്ന്‍, റിപ്പബ്ലിക്കന്‍ – മൈക്ക് പെന്‍സ്
• പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പുറമേ, യുഎസ് പാര്‍ലമെന്റിലെ അധോസഭയായ ജനപ്രതിനിധി സഭയിലെ (കോണ്‍ഗ്രസ്) മുഴുവന്‍ സീറ്റിലേക്കുമുള്ള തിരഞ്ഞെടുപ്പ് (435 സീറ്റ്), ഉപരിസഭയായ സെനറ്റിലെ മൂന്നിലൊന്ന് സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ്, സംസ്ഥാന സഭകളിലേക്കുള്ള തിരഞ്ഞെടുപ്പ്, പ്രാദേശിക തിരഞ്ഞെടുപ്പുകള്‍ എന്നിവയും ഇന്ന്.