പാക്കിസ്ഥാന്‍റെ ആവശ്യം യുഎസ് തള്ളി

194

ന്യൂയോര്‍ക്ക്• ഭീകരര്‍ക്കു സുരക്ഷിത താവളം ഒരുക്കുന്ന നടപടികളില്‍നിന്ന് പാക്കിസ്ഥാന്‍ പിന്മാറണമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. കശ്മീരില്‍ പാക്ക് പിന്തുണയോടെ നടക്കുന്ന അക്രമങ്ങളില്‍ ശക്തമായ ആശങ്ക പ്രധാനമന്ത്രി നവാസ് ഷെരീഫിനോടു അറിയിച്ച കെറി, ഉറിയിലെ ഭീകരാക്രമണത്തെക്കുറിച്ചും ആശങ്ക വ്യക്തമാക്കി. ഭീകരക്യാംപുകള്‍ ഇല്ലായ്മ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഎന്‍ പൊതുസഭയുടെ 71-ാം സമ്മേളനത്തിന്റെ ഭാഗമായി യുഎസിലെത്തിയ ഷെരീഫ് ഇന്നലെയാണ് കെറിയുമായി കൂടിക്കാഴ്ച നടത്തിയത്.
ഭീകരവാദ സംഘടനകളെ എതിര്‍ക്കുന്നതില്‍ കൂടുതല്‍ നടപടികളെടുക്കണമെന്നും യുഎസ് ആവശ്യപ്പെട്ടു. ഭീകരസംഘടനകളെ കൈകാര്യം ചെയ്യുന്നതില്‍ പാക്കിസ്ഥാന്‍ ഇനിയും മുന്നോട്ടു പോകണമെന്ന് യുഎസ് സ്റ്റേറ്റ് ഡപ്യൂട്ടി വക്താവ് മാര്‍ക് ടോണര്‍ പറഞ്ഞു.പാക്കിസ്ഥാനുമായുള്ള ബന്ധം യുഎസിനു വളരെ ആവശ്യമാണ്. നയതന്ത്രപരമായ കാര്യങ്ങള്‍ക്കൊപ്പം പ്രാദേശിക വിഷയങ്ങളും ബാധകമാണെന്നും ടോണര്‍ പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ യുഎസിന്റെ ഇടപെടല്‍ പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് അവര്‍ നിലപാടു വ്യക്തമാക്കിയത്.

NO COMMENTS

LEAVE A REPLY