പാക്ക് പൗരന്‍മാരെയും ഭാവിയില്‍ വിലക്കിയേക്കാം: വൈറ്റ്ഹൗസ്

213

വാഷിങ്ടന്‍• യുഎസില്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയ ഏഴു രാജ്യക്കാര്‍ക്കൊപ്പം പാക്കിസ്ഥാനില്‍നിന്നുള്ള സന്ദര്‍ശകരെയും വിലക്കുന്ന കാലം വിദൂരമല്ലെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍. ഭീകരവാദം പ്രശ്നം സൃഷ്ടിക്കുന്ന രാജ്യങ്ങളില്‍നിന്നുള്ളവരെ യുഎസില്‍ വിലക്കാനുള്ള നടപടിയിലാണു പാക്കിസ്ഥാനില്‍നിന്നുള്ളവരെയും ഉള്‍പ്പെടുത്തിയേക്കുമെന്നു വൈറ്റ്ഹൗസ് ജീവനക്കാരുടെ തലവന്‍ റീന്‍സ് പ്രീബസ് സൂചന നല്‍കിയത്. ആഭ്യന്തരമായി ഭീകരവാദം ഏറ്റവും വഷളായിരിക്കുന്നതും സുരക്ഷയ്ക്കു ഭീഷണി സൃഷ്ടിക്കുന്നതുമായ രാജ്യങ്ങളെന്ന് യുഎസ് കോണ്‍ഗ്രസും ഒബാമ ഭരണകൂടവും കണ്ടെത്തിയ ഏഴു രാജ്യങ്ങളില്‍നിന്നുള്ളവരെയാണു പ്രാഥമികമായി വിലക്കിയിരിക്കുന്നതെന്ന് പ്രീബസ് സിബിഎസ് ന്യൂസിനോട് പറഞ്ഞു.

ഇതേ പ്രശ്നം നേരിടുന്ന പാക്കിസ്ഥാന്‍ പോലുള്ള രാജ്യങ്ങള്‍ ഇനിയുമുണ്ട്. അതുകൊണ്ടുതന്നെ യുഎസിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടു കൂടുതല്‍ രാജ്യക്കാരെ വിലക്കേണ്ടി വന്നേക്കാമെന്നും അദ്ദേഹം സൂചന നല്‍കി. ഭീകരവാദം ഭീഷണി സൃഷ്ടിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ട്രംപ് ഭരണകൂടം പാക്കിസ്ഥാനെയും പരസ്യമായി ഉള്‍പ്പെടുത്തുന്നത് ഇതാദ്യമാണ്. യുഎസ് പൗരന്‍മാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് പ്രീബസ് വ്യക്തമാക്കി. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളില്‍നിന്നുള്ളവരോടു വിട്ടുവീഴ്ചയില്ലാത്ത നിലപാടു സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അമേരിക്കക്കാര്‍ ട്രംപിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ ഒരു ഭാഗ്യപരീക്ഷണത്തിന് അദ്ദേഹം തയാറല്ലെന്നും പ്രീബസ് വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY