സിറിയ പ്രശ്നത്തില്‍ റഷ്യയുമായി ഇനി ചര്‍ച്ചയില്ലെന്ന് യുഎസ്

231

വാഷിങ്ടന്‍ • സിറിയ പ്രശ്നത്തില്‍ റഷ്യയുമായി നേരിട്ടുള്ള ചര്‍ച്ച ഉപേക്ഷിക്കുന്നുവെന്ന യുഎസ് പ്രഖ്യാപനം സിറിയയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള രാജ്യാന്തര ശ്രമങ്ങള്‍ക്കു കനത്ത തിരിച്ചടിയായി. യുഎസുമായുള്ള ആണവക്കരാര്‍ സസ്പെന്‍ഡ് ചെയ്തതായി റഷ്യയും പ്രഖ്യാപിച്ചതോടെ വന്‍ശക്തികള്‍ തമ്മിലുള്ള ഭിന്നതകള്‍ കൂടുതല്‍ വഷളായി. സിറിയയില്‍ വെടിനിര്‍ത്തല്‍ കരാറില്‍നിന്നു റഷ്യ പിന്നാക്കം പോയെന്നാരോപിച്ചാണ് ഒബാമ ഭരണകൂടം റഷ്യയുമായി ചര്‍ച്ചകള്‍ റദ്ദാക്കിയത്.കഴിഞ്ഞ 19നു സിറിയയില്‍ അലെപ്പോയിലേക്കു പോയ യുഎന്‍ സന്നദ്ധസംഘടനകളുടെ വാഹനവ്യൂഹത്തിനു നേരെ റഷ്യ വ്യോമാക്രമണം നടത്തിയെന്നും യുഎസ് ആരോപിച്ചു. അണ്വായുധശേഖരം കുറയ്ക്കുന്നതിന്റെ ഭാഗമായി അധിക പ്ലൂട്ടോണിയം ശേഖരം ഉപേക്ഷിക്കാനുള്ള ആണവക്കരാര്‍ സസ്പെന്‍ഡ് ചെയ്യുന്നതായി തിങ്കളാഴ്ചയാണു റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചത്.ആണവ നിര്‍വ്യാപനത്തിന്റെ ഭാഗമായി ശീതയുദ്ധത്തിനുശേഷം ഇരുരാജ്യങ്ങളും ചേര്‍ന്നു രൂപംകൊടുത്ത കരാറുകളില്‍ ഒന്നാണിത്. സിറിയ, യുക്രെയ്ന്‍ പ്രശ്നങ്ങളില്‍ യുഎസിന്റെ സൗഹൃദപരമല്ലാത്ത നിലപാടിനെ തുടര്‍ന്നാണു തീരുമാനമെന്നാണു ക്രെംലിന്‍ അറിയിച്ചത്. തൊട്ടുപിന്നാലെയാണു സിറിയ ചര്‍ച്ചയില്‍നിന്നു പിന്‍മാറുന്നതായി യുഎസ് പ്രഖ്യാപനം വന്നത്.സെപ്റ്റംബര്‍ ഒന്‍പതിന്റെ സിറിയന്‍ സമാധാനക്കരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള നയതന്ത്ര ചര്‍ച്ചകള്‍ ഉപേക്ഷിച്ചതിനൊപ്പം സിറിയയില്‍ ഐഎസ്-അല്‍ ഖായിദ എന്നീ ഭീകര സംഘടനകള്‍ക്കെതിരെ റഷ്യയുമായി യോജിച്ച്‌ ആക്രമണം നടത്താനുള്ള തീരുമാനവും യുഎസ് ഉപേക്ഷിച്ചു. ഇതിനായി ജനീവയിലേക്ക് അയച്ച പ്രതിനിധികളെ അമേരിക്ക തിരിച്ചുവിളിച്ചിട്ടുണ്ട്. അതേസമയം, സിറിയയില്‍ ഇരുവരുടെയും പോര്‍വിമാനങ്ങളുടെ വിന്യാസം സംബന്ധിച്ച സൈനിക വിനിമയ സംവിധാനം തുടരുമെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കി.യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവും ചര്‍ച്ചചെയ്തു രൂപംകൊടുത്ത കരാര്‍പ്രകാരം കഴിഞ്ഞമാസം 12നു നിലവില്‍ വന്ന സിറിയന്‍ വെടിനിര്‍ത്തല്‍, ഒരാഴ്ച കഴിയുംമുന്‍പേ പരാജയപ്പെട്ടിരുന്നു. സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ സേനയെ നിയന്ത്രിക്കാന്‍ റഷ്യയ്ക്കു കഴിഞ്ഞില്ലെന്നാണു വാഷിങ്ടന്‍ ആരോപിക്കുന്നത്. എന്നാല്‍, സിറിയന്‍ വിമതരിലെ മിതവാദികളെയും ഭീകരവാദികളെയും വേര്‍തിരിക്കാന്‍ യുഎസ് പരാജയപ്പെട്ടുവെന്നാണു റഷ്യയുടെ ആരോപണം. യുക്രെയ്ന്‍ പ്രശ്നത്തില്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചു റഷ്യയ്ക്കു നഷ്ടപരിഹാരം നല്‍കുക, കിഴക്കന്‍ യൂറോപ്പിലെ യുഎസ് സൈനികസാന്നിധ്യം കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ പുടിന്‍ ഉന്നയിച്ചെങ്കിലും യുഎസ് അനുകൂല നിലപാടെടുത്തിരുന്നില്ല.