അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാന്‍ പാകിസ്താന്‍ ശക്തമായ നടപടിയെടുക്കണമെന്ന് അമേരിക്ക

184

വാഷിംഗ്ടണ്‍: അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാന്‍ പാകിസ്താന്‍ ശക്തമായ നടപടിയെടുക്കണമെന്ന് അമേരിക്ക. പതിവിനു വിപരീതമായി പാകിസ്താനെ തള്ളി അമേരിക്ക ഇന്ത്യക്ക് ശക്തമായ പിന്തുണയും അറിയിച്ചു. അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ് ഇന്ത്യന്‍ സുരക്ഷാ ഉപേദേഷ്ടാവ് അജിത് ഡോവലിനെ ടെലിഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.തിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്താന്‍ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐക്യരാഷ്ട്രസഭ ഭീകരസംഘടനയായി കണക്കാക്കുന്ന സംഘടനകള്‍ക്കെതിരെ പാകിസ്താന്‍ ശക്തമായ നടപടി എടുക്കണമെന്നും വൈറ്റ് ഹൗസിനുവേണ്ടി സൂസന്‍ റൈസ് പ്രതികരിച്ചു.ഉറിയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ അമേരിക്ക ശക്തമായി അപലപിക്കുന്നതായും റൈസ് പറഞ്ഞു. ലോകരാജ്യങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഭീകരവാദം. ഇതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ഇന്ത്യയും അമേരിക്കയും ചേര്‍ന്ന് പ്രവര്‍ത്തിക്കും. യു.എന്‍ പ്രഖ്യാപിച്ച ഭീകരവിരുദ്ധ പദ്ധതികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സൂസണ്‍ റൈസ് വ്യക്തമാക്കി.മോദിയുടെ ബലൂചിസ്താന്‍ പരാമര്‍ശ പ്രസംഗത്തിനും ഉറി ആക്രമണത്തിനും ശേഷം ആദ്യമായാണ് അമേരിക്ക ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. പാകിസ്താനെതിരെ നടപടികളുമായി മുന്നോട്ട് പോകുന്ന ഇന്ത്യക്ക് ശക്തിപകരുന്നതാണ് അമേരിക്കയുടെ പിന്തുണ. പാകിസ്താനുമേല്‍ ആഗോളസമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി പാകിസ്താനില്‍ നടക്കുന്ന സാര്‍ക് ഉച്ചകോടി ബഹിഷ്കരിക്കാന്‍ ഇന്ത്യ നേരത്തെ തീരുമാനിച്ചിരുന്നു.അതേസമയം ജമ്മു കാശ്മീരില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ തുടരുകയാണ്. പൂഞ്ചില്‍ വ്യാഴാഴ്ച വൈകുന്നേരം വെടിവെപ്പുണ്ടായി. വെള്ളിയാഴ്ച രാവിലെ നൗഗാമിലെ ബി.എസ്.എഫ് കേന്ദ്രത്തിനു നേരെ പാക് സൈന്യം വെടിവെപ്പുണ്ടായി. തുടര്‍ന്ന് അതിര്‍ത്തി രക്ഷാ സേന ശക്തമായി തിരിച്ചടിച്ചു.