കറ്റാര്‍വാഴയില്‍ നിന്ന് ആരോഗ്യവും സൗന്ദര്യവും

313

allovera

സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ നിര്‍മാണവ്യവസായത്തില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഘടകമായിക്കഴിഞ്ഞിരിക്കുന്നു കറ്റാര്‍വാഴ. ലോകവ്യാപകമായി കറ്റാര്‍വാഴയുടെ ഉപയോഗം വളരെയധികം വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഫ്യൂച്ചര്‍ മാര്‍ക്കറ്റ് ഇന്‍സൈറ്റ്‌സ്(എഫ്.എം.ഐ.)ന്റെ അഭിപ്രായത്തില്‍ കറ്റാര്‍വാഴ ഭക്ഷ്യഘടകമായും സൗന്ദര്യവര്‍ധകവസ്തുവായും ഔഷധമായും ഉപയോഗിക്കുന്നതിന്റെ അളവ് ഇരട്ടിയിലധികമായി എന്നാണ്. 2016 കഴിയുമ്പോഴേക്കും ഇതിന്റെ ഉപയോഗം 60,720.4 ടണ്‍ കവിയും.2026 ആവുമ്പോള്‍ 1.6 ബില്യണ്‍ ഡോളറില്‍ നിന്നും 3.3 ബില്യണ്‍ ഡോളറാവും കറ്റാര്‍വാഴയില്‍ നിന്നുള്ള വരുമാനം എന്നാണ് എഫ്.എം.ഐ.യുടെ അനുമാനം.
ഉപയോഗം കൂടാനുള്ള കാരണം?
പ്രകൃതിയില്‍ നിന്നുള്ളതും വിഷാംശം അടങ്ങിയിട്ടില്ലാത്തതും ശരീരത്തിന് ദോഷകരമല്ലാത്തതുമായ വസ്തുക്കളുടെ ഉപയോഗം ലോകത്താകമാനം വര്‍ധിച്ചിട്ടുണ്ട്. യൂറോപ്പിലാരംഭിച്ച ‘സ്ലോ കോസ്‌മെറ്റിക് ‘പ്രസ്ഥാനം മുന്നില്‍വെക്കുന്നത് 100 ശതമാനം പ്രകൃതി വിഭവങ്ങളും ഫോര്‍മുലകളും ഉപയോഗപ്പെടുത്തിയുള്ള ഉല്‍പ്പന്നങ്ങളും പ്രകൃതിക്കനുയോജ്യമായ രീതികളും ഒത്തുചേരുന്ന സൗന്ദര്യവും ഫാഷനുമാണ്.
എഴുപത്തിയഞ്ചിലധികം പോഷകഘടകങ്ങള്‍ അടങ്ങിയിട്ടുള്ള ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന സൗന്ദര്യ വര്‍ധകവസ്തുവാണ് കറ്റാര്‍വാഴ. ഇതില്‍ നിന്നെടുക്കുന്ന ജെല്‍ മുറിവുണക്കാനും അണുബാധ കുറയ്ക്കാനും സഹായകമാണ്. പക്ഷെ കറ്റാര്‍വാഴ കൂടുതലായി ഉപയോഗിക്കപ്പെടുന്നത് എക്‌സിമ, താരന്‍, സോറിയാസിസ് തുടങ്ങിയവക്കുള്ള മരുന്നായാണ്. മുഖത്തുണ്ടാകുന്ന കറുത്തപാടുകള്‍ അകറ്റുന്നതിനും മറ്റ് ത്വക്ക് രോഗങ്ങള്‍ക്കും വളരെ ഫലപ്രദമാണ് കറ്റാര്‍വാഴ.
ആന്റിഓക്‌സിഡന്റുകളുടേയും വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി എന്നിവയുടേയും കലവറയായ കറ്റാര്‍വാഴ ത്വക്കിന് ജലാംശം നല്‍കുന്നതിനും മിനുസപ്പെടുത്തുന്നതിനും സഹായിക്കും. ത്വക്കിനെ ഉള്ളില്‍ നിന്ന് ബലപ്പെടുത്തുകയാണ് കറ്റാര്‍വാഴ ചെയ്യുന്നത്.
കറ്റാര്‍വാഴയ്ക്ക് സന്ധിവാതരോഗങ്ങളെ ശമിപ്പിക്കാന്‍ കഴിയും. ദഹനപ്രശ്‌നങ്ങള്‍ക്കും ഔഷധമാണ്. ശാരീരികാരോഗ്യത്തില്‍ നിന്നാണ് സൗന്ദര്യം ഉണ്ടാകുന്നതും വര്‍ധിക്കുന്നതും. കറ്റാര്‍വാഴ ഒരേ സമയം ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു.

NO COMMENTS

LEAVE A REPLY