ഗുളിക അമിതമായി കഴിച്ചു; ദലിത് യുവതികളിലൊരാൾ ഐസിയുവിൽ

215
Photo courtsy : mathrubhumi

തലശ്ശേരി ∙ കുട്ടിമാക്കൂലിൽ സിപിഎം ഒാഫിസിനകത്തു കയറി സിപിഎം പ്രവർത്തകനെ മർദിച്ചെന്ന കേസിൽ ജാമ്യത്തിലിറങ്ങിയ ദലിത് സഹോദരിമാരിൽ അഞ്ജന (25) അമിതമായി ഗുളിക കഴിച്ച് അവശനിലയിൽ. രാത്രി പന്ത്രണ്ടോടെ ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി ഐസിയുവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അഞ്ജന. ചാനൽ ചർച്ചകളിൽ ഒരു വനിതാ നേതാവ് തങ്ങളെപ്പറ്റി മോശമായി സംസാരിച്ചതിന്റെ മനോവിഷമത്തിലാണ് സംഭവമെന്നു അഞ്ജനയുടെ ബന്ധുക്കൾ പറഞ്ഞു.

ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് ആരോപിച്ചു ജാമ്യമില്ലാത്ത വകുപ്പുപ്രകാരമാണു യുവതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. നിരന്തരമായി തങ്ങളെ ജാതിപ്പേരു വിളിച്ച് ആക്ഷേപിക്കുകയും പിതാവിനെ മർ‌ദിക്കുകയും ചെയ്യുന്നതിനെ കുറിച്ചു ചോദിക്കാനാണ് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എൻ.രാജന്റെ മക്കളായ അഖിലയും അഞ്ജനയും ഇക്കഴിഞ്ഞ 11നു സിപിഎം ഓഫിസിൽ ചെന്നത്. രണ്ടുപേരും ചേർന്നു സിപിഎം പ്രവർത്തകൻ ഷിജിലിനെ മർദിച്ചുവെന്നു കാണിച്ചാണു പൊലീസ് ഇവർക്കെതിരെ കേസ് എടുത്തത്.

പാർട്ടിപ്രവർത്തകനെ മർദിച്ചുവെന്ന് ആരോപിച്ച് അന്നുതന്നെ ഒരുസംഘം സിപിഎം പ്രവർത്തകർ ഇവരെയും പിതാവ് രാജനെയും വീട്ടിൽ കയറി ആക്രമിക്കുകയും ചെയ്തിരുന്നു. ഈ കേസിൽ മൂന്നു സിപിഎം പ്രവർത്തകരെ റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം യുവതികളെ തലശ്ശേരി പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി ജയിലിൽ അടയ്ക്കുകയായിരുന്നു. അഖില ഒന്നരവയസ്സുള്ള കുട്ടിയോടൊപ്പമാണു ജയിലിൽ പോയത്. ദലിത് യുവതികളെ ജയിലിലടച്ചതിൽ പ്രതിഷേധം തുടരവെ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ ഇന്നലെ വനിതാ ജയിലിൽ അഖിലയെയും അഞ്ജനയെയും സന്ദർശിച്ചിരുന്നു.
courtsy : manorama online

NO COMMENTS

LEAVE A REPLY