വാരണാസിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി – അജയ്റായ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു .

161

ദില്ലി: മോദിക്കെതിരെ നിര്‍ത്തിയിരിക്കുന്ന അജയ് റായിയെ പോലുളള ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച്‌ മുന്‍ ജവാന് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാവുമോ എന്നാണ് അറിയേണ്ടത്. തേജ് ബഹാദൂര്‍ കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ സഖ്യത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയാവുകയാണ് എങ്കില്‍ മോദിക്ക് വാരണാസിയില്‍ അധിക ജോലിയെടുക്കേണ്ടി വരിക തന്നെ ചെയ്യും.അജയ് റായ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച്‌ കഴിഞ്ഞു. ഇനി അദ്ദേഹത്തെ പിന്‍വലിപ്പിച്ച്‌ മഹാഗഡ്ബന്ധനൊപ്പം ചേരാന്‍ കോണ്‍ഗ്രസ് തയ്യാറാകുമോ എന്ന് കണ്ടറിയണം.

പ്രിയങ്ക സ്ഥാനാര്‍ത്ഥിയായാല്‍ പിന്തുണയ്ക്കാന്‍ നേരത്തെ എസ്പി-ബിഎസ്പി സഖ്യം തയ്യാറായിരുന്നു. അതിനിടെ മോദിക്കെതിരെ തേജ് ബഹാദൂര്‍ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. വീടുകള്‍ തോറും കയറിയാണ് പ്രചാരണം. യഥാര്‍ത്ഥ ചൗക്കീദാര്‍ ആരാണ് എന്ന് വാരണാസിയിലെ ജനം തീരുമാനിക്കുമെന്ന് തേജ് ബഹാദൂര്‍ പ്രതികരിച്ചു. വാരണാസിയില്‍ പ്രിയങ്ക ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുളള തീപാറുന്ന പോരാട്ടം കാത്തിരുന്നവര്‍ക്ക് നിരാശ സമ്മാനിച്ചാണ് കോണ്‍ഗ്രസ് അജയ് റായിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. മോദിക്കെതിരെ പ്രതിപക്ഷം വാരണാസിയില്‍ ഒരുമിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്കും നിരാശ മാത്രം ബാക്കി.

ഉത്തര്‍ പ്രദേശ് വഴി ദേശീയ രാഷ്ട്രീയത്തിലേക്ക് സജീവമായി ചുവട് എടുത്ത് വെച്ച പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മത്സരിച്ചിരുന്നുവെങ്കില്‍ ഇത്തവണ മോദി നന്നായി വിയര്‍ത്തേനെ. പ്രിയങ്ക മത്സരിക്കാന്‍ സന്നദ്ധയായിട്ടും അത് വേണ്ട എന്നാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. 2014ല്‍ മോദിയോട് മത്സരിച്ച്‌ മൂന്നാം സ്ഥാനത്തേക്ക് പോയ അജയ് റായിയെ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.

മോദി ഇത്തവണയും വന്‍ ഭൂരിപക്ഷത്തില്‍ വാരണാസിയില്‍ നിന്നും ജയിക്കുമെന്നുറപ്പിച്ച ഘട്ടത്തിലാണ് അഖിലേഷ് യാദവ് കളിയൊന്ന് മാറ്റിക്കളിച്ചത്. സ്വന്തം സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച്‌ മുന്‍ ബിഎസ്‌എഫ് ജവാന് പിന്തുണ കൊടുക്കുക എന്ന കിടിലന്‍ തന്ത്രം. ഇനി പന്ത് കോണ്‍ഗ്രസിന്റെ കോര്‍ട്ടിലാണ്.

NO COMMENTS