എയ്ഡഡ് മേഖലയില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അനുവദിച്ച ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തികകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചു

187

കോട്ടയം: എയ്ഡഡ് മേഖലയില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അനുവദിച്ച ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തികകള്‍ പുതിയ സര്‍ക്കാര്‍ താല്‍ക്കാലികമായി മരവിപ്പിച്ചു. ധനകാര്യ വകുപ്പിന്‍റെ എതിര്‍പ്പിനെത്തുടര്‍ന്നാണു തീരുമാനം. കഴിഞ്ഞ ഏപ്രില്‍ 11-ന് പൊതുവിദ്യാഭ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവാണ് ധനകാര്യവകുപ്പ് തടഞ്ഞത്. സര്‍ക്കാര്‍ / എയ്ഡഡ് മേഖലയില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ ഇല്ലാത്ത 148 പഞ്ചായത്തുകളില്‍ ഒരു പഞ്ചായത്തില്‍ ഒന്ന് എന്ന തോതിലും എറണാകുളം മുതല്‍ വടക്കോട്ടുള്ള എട്ടു ജില്ലകളില്‍ നിലവില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളുള്ള പഞ്ചായത്തുകളില്‍ വിദ്യാഭ്യാസ ആവശ്യകതയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ / എയ്ഡഡ് മേഖലയില്‍ അധിക ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും അധിക ബാച്ചുകളും അനുവദിച്ചുകൊണ്ടായിരുന്നു ഉത്തരവ്.ഇതനുസരിച്ച്‌ എല്ലാ ജില്ലകളിലും ഹയര്‍ സെക്കന്‍ഡറി ഇല്ലാത്ത പഞ്ചായത്തുകളില്‍ 2014-15, 2015-16 അധ്യയന വര്‍ഷങ്ങളിലേക്കായി എയ്ഡഡ് മേഖലയില്‍ പുതുതായി 87 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെയുള്ള എട്ടു ജില്ലകളിലായി ഹയര്‍ സെക്കന്‍ഡറി സ്കൂളുകളുള്ള പഞ്ചായത്തുകളില്‍ പുതുതായി 81 എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളും അനുവദിച്ചു. പുതുതായി അനുവദിച്ച എയ്ഡഡ് സ്കൂളുകളില്‍ അധ്യാപകരുടെയും ലാബ് അസിസ്റ്റന്‍റുമാരുടെയും തസ്തികകള്‍ സൃഷ്ടിക്കുന്നതിന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ശിപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. ഇതനുസരിച്ച്‌ സര്‍ക്കാര്‍ / എയ്ഡഡ് മേഖലയിലായി 2653 തസ്തികകളാണു സൃഷ്ടിച്ചത്.
കഴിഞ്ഞ 20-ന് 12 സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പുതിയ തസ്തിക അനുവദിച്ച്‌ ഉത്തരവിറങ്ങി. സര്‍ക്കാര്‍ മേഖലയില്‍ അനുവദിച്ച തസ്തികകള്‍ക്കാണ് ഇത്തരത്തില്‍ അംഗീകാരം നല്‍കിയത്.
ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശിപാര്‍ശ പ്രകാരമാണ് കഴിഞ്ഞ സര്‍ക്കാര്‍ പുതിയ തസ്തികള്‍ അനുവദിച്ചത്. ഡയറക്ടര്‍ ശിപാര്‍ശ ചെയത സ്കൂളുകളില്‍ ചട്ടപ്രകാരമുള്ള ഭൗതിക സൗകര്യങ്ങള്‍ ഉണ്ടെന്നും ഓരോ ബാച്ചിലും മതിയായ എണ്ണം കുട്ടികള്‍ പഠിക്കുന്നുണ്ടെന്നും റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തലത്തില്‍ പരിശോധിച്ച്‌ സാക്ഷ്യപ്പെടുത്തേണ്ടിയിരുന്നു.
ഈ അധ്യയന വര്‍ഷം മുതല്‍ തസ്തിക പ്രബല്യത്തിലാകുമെന്നായിരുന്നു ഉത്തരവ്. ഇതിനിടെ തെരഞ്ഞെടുപ്പ് വന്നതോടെ തസ്തിക രൂപീകരണം നടന്നില്ല. പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം എയ്ഡഡ് സ്കൂള്‍ മാനേജ്മെന്‍റുകള്‍ വിദ്യാഭ്യാസ മന്ത്രിക്കു നിവേദനം നല്‍കിയെങ്കിലും സര്‍ക്കാരിന്‍റെ സാന്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി ധനവകുപ്പ് തസ്തിക രൂപീകരണം തടഞ്ഞിരിക്കുകയാണെന്നായിരുന്നു മറുപടി.

NO COMMENTS

LEAVE A REPLY