ഇന്ത്യയിലേക്കുള്ള ചരക്കുനീക്കം തടയരുത്; പാകിസ്താന് അഫ്ഗാന്റെ താക്കീത്

213

കാബൂള്‍: വാഗാ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് ചരക്ക് കയറ്റുമതി നടത്തുവാന്‍ അനുവദിച്ചില്ലെങ്കില്‍ തങ്ങളുടെ രാജ്യത്തിലൂടെ മധ്യഏഷ്യന്‍ രാജ്യങ്ങളിലേക്ക് ചരക്ക് നീക്കം നടത്തുവാന്‍ പാകിസ്താനേയും അനുവദിക്കില്ലെന്ന് അഫ്ഗാനിസ്ഥാന്‍.ബ്രീട്ടീഷ് നയതന്ത്ര പ്രതിനിധി ഓവന്‍ ജെന്‍കിന്‍സുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാനിസ്ഥാന്റേയും പാകിസ്താന്റേയും ചുമതലയുള്ള ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധിയായ ഓവന്‍ ജെന്‍കിന്‍സുമായി വെള്ളിയാഴ്ചയാണ് അഷ്റഫ് ഗനി കാബൂളില്‍ കൂടിക്കാഴ്ച നടത്തിയത്.അഫ്ഗാനിസ്ഥാനില്‍ ഉദ്പാദിപ്പിക്കുന്ന പഴവര്‍ഗ്ഗങ്ങളുടെ വലിയ വിപണിയാണ് ഇന്ത്യയെങ്കിലും ചരക്കുകള്‍ സമയബന്ധിതമായി എത്തിക്കാന്‍ സാധിക്കാത്തത് മൂലം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപരബന്ധം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് ചരക്കുകള്‍ കയറ്റി അയക്കാനും ഇറക്കുമതി ചെയ്യാനും അഫ്ഗാന്‍ വ്യാപാരികളെ പാകിസ്താന്‍ അനുവദിക്കാത്ത പക്ഷം, അഫ്ഗാനിസ്ഥാനിലൂടെ മധ്യഏഷ്യന്‍ രാജ്യങ്ങളിലേക്ക് ചരക്ക് നീക്കം നടത്തുവാന്‍ പാകിസ്താനെ ഞങ്ങളും അനുവദിക്കില്ല – ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഗനിയുടെ പ്രസ്താവനയില്‍ പറയുന്നു.
വാണിജ്യസഹകരണത്തിന് തടസ്സമായി നില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാകിസ്താനടക്കം മേഖലയിലെ എല്ലാ രാജ്യങ്ങളും ശ്രമിക്കണമെന്നാണ് തങ്ങളുടെ നിലപാട്. എന്നാല്‍ സീസണ്‍ സമയത്തടക്കം അഫ്ഗാനിസ്ഥാന്റെ ചരക്ക് കയറ്റുമതി തടയുന്ന സമീപനമാണ് പാകിസ്താന്‍ സ്വീകരിക്കുന്നത്. ഇതുവഴി കോടിക്കണക്കിന് ഡോളറുകളുടെ നഷ്ടമാണ് രാജ്യത്തിനുണ്ടാക്കുന്നതെന്ന് അഷ്റഫ് ഗനി ചൂണ്ടിക്കാട്ടുന്നു.
അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പഴങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം ചുമത്തില്ലെന്ന് ഇന്ത്യ ഉറപ്പു തന്നിട്ടുണ്ടെങ്കിലും വ്യാപാരം സജീവമാക്കാന്‍ സാധിക്കാത്തത് മൂലം ഇതിന്റെ ഗുണം രാജ്യത്തിന് കിട്ടുന്നില്ല – പ്രസ്താവനയില്‍ ഗനി പറയുന്നു.
വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യ-പാക് അതിര്‍ത്തിയിലെ അട്ടാരിയിലേക്ക് നേരിട്ട് ചരക്കുകള്‍ എത്തിക്കുവാന്‍ വളരെക്കാലമായി അഫ്ഗാനിസ്ഥാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിനുള്ള അനുമതി നല്‍കുവാന്‍ പാകിസ്താന്‍ ഇതുവരെ തയ്യാറായിട്ടില്ല.
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ചരക്കുകള്‍ പ്രത്യേകിച്ച്‌ വിവിധ തരം പഴവര്‍ഗ്ഗങ്ങള്‍ വാഗഅതിര്‍ത്തിയില്‍ പാകിസ്താന്‍ തടയുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്നാണ് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാഗാ അതിര്‍ത്തിയില്‍ എത്തിക്കുന്ന അഫ്ഗാനിസ്ഥാന്റെ ചരക്കുകള്‍ അവിടെ വച്ച്‌ മറ്റു വാഹനങ്ങളിലേക്ക് മാറ്റിയ ശേഷം അട്ടാരിയിലേക്ക് കൊണ്ടുവരും, ചരക്കുകള്‍ ഇവിടെ ഇറക്കി വീണ്ടും വേറെ വാഹനങ്ങളിലേക്ക് മാറ്റണം.
ഇതിലൂടെ ചരക്ക് കൈമാറ്റത്തിനുള്ള ചിലവ് വര്‍ധിപ്പിക്കുന്നു, പഴങ്ങളും മറ്റും കേടാകുകയും ചെയ്യുന്നു. വന്‍നഷ്ടമാണ് ഇതുവഴി വ്യാപാരികള്‍ക്കുണ്ടാക്കുന്നതെന്ന് അഫ്ഗാന്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
നിലവിലെ രീതിയില്‍ നിന്ന് മാറി അട്ടാരിയില്‍ നേരിട്ട് ചരക്കെത്തിക്കുവാനും അവിടെ വച്ച്‌ ഇന്ത്യന്‍ ട്രക്കുകളിലേക്കും മാറ്റുവാനുമുള്ള സൗകര്യമൊരുക്കണമെന്നാണ് അഫ്ഗാനിസ്ഥാന്റെ ആവശ്യം. ഇതുവഴി ഇന്ത്യയുമായുള്ള വ്യാപാരം രണ്ടോ മൂന്നോ ഇരട്ടിയായി ഉയര്‍ത്തുവാന്‍ സാധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

NO COMMENTS

LEAVE A REPLY