രാജി പിന്‍വലിക്കും, ജയലളിതയുടെ മരണം അന്വേഷിക്കും: പനീര്‍സെല്‍വം

291

ചെന്നൈ:പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ രാജി പിന്‍വലിക്കുമെന്ന് തമിഴ്നാട് കാവല്‍ മുഖ്യമന്ത്രി ഒ.പന്നീര്‍സെല്‍വം. മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ എല്ലാവര്‍ക്കും സംശയമുണ്ടെന്നും അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയാണെന്നും പന്നീര്‍സെല്‍വം അറിയിച്ചു. ഇത് സര്‍ക്കാരിന്റെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി. എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയും ജയലളിതയുടെ തോഴിയുമായ ശശികലയോട് തുറന്ന യുദ്ധം പ്രഖ്യാപിക്കുന്നതരത്തിലായിരുന്നു പനീര്‍സെല്‍വം ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനം. ഞായറാഴ്ചയാണ് പന്നീര്‍സെല്‍വം ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചത്. ശശികലയെ മുഖ്യമന്ത്രിയാക്കുന്നതിന് മുന്നോടിയായാണ് രാജി.

എന്നാല്‍ ശശികല തന്നെക്കൊണ്ട് നിര്‍ബന്ധിച്ച്‌ രാജിവെപ്പിക്കുകയായിരുന്നുവെന്നാണ് പനീര്‍സെല്‍വത്തിന്റെ ആരോപണം. ശശികലയെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവര്‍ണര്‍ തമിഴ്നാട്ടില്‍ തിരിച്ചെത്തിയാലുടന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുമെന്നും പന്നീര്‍സെല്‍വം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 16 വര്‍ഷം ജയലളിത മുഖ്യമന്ത്രിയായി തുടര്‍ന്നു. രണ്ട് തവണ താന്‍ മുഖ്യമന്ത്രിയായി. അത് അമ്മയുടെ ആഗ്രഹപ്രകാരമായിരുന്നു. എന്നും അമ്മയുടെ പാത പിന്തുടര്‍ന്നു. പാര്‍ട്ടിയെ തള്ളിപ്പറയാതെ അണ്ണാ ഡി.എം.കെയുടെ ഒത്തൊരുമക്കായി നിലകൊണ്ടു. അധികാരത്തിലാണെങ്കിലും പ്രതിപക്ഷത്താണെങ്കിലും പാര്‍ട്ടിയെ ചതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്റെ പിന്നില്‍ ബി ജെ പിയാണെന്ന ആരോപണം സെല്‍വം നിഷേധിച്ചു. അണ്ണാ ഡി എം കെയിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ ബി ജെ പിയല്ലെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY